ഓണം ബംപർ നറുക്കെടുപ്പ് ഇന്ന് 2 മണിക്ക്
ഭാഗ്യവാനെ കണ്ടെത്താൻ ഇനി മണിക്കൂറുകൾ മാത്രം
തിരുവനന്തപുരം : തിരുവോണം ബംപറിന്റെ 25 കോടി ആർക്കായിരിക്കും? ഭാഗ്യവാനെ കണ്ടെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. ഗോർക്കി ഭവനിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ ഭാഗ്യവാനെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടത്തും. വികെ പ്രശാന്ത് എംഎൽഎയാണ് രണ്ടാം സ്ഥാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് നടത്തുക. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കാണ്.
ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ വിറ്റുപോകുന്നതെന്നാണ് ലോട്ടറി കടക്കാർ പറയുന്നത്. ഓണത്തോട് അനുബന്ധിച്ചാണ് ടിക്കറ്റ് വിൽപ്പന പൊടിപൊടിച്ചത്. കഴിഞ്ഞ വൿഷം 75.76 ലത്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. ഇത്തവണ ചൊവ്വാഴ്ച വൈകീട്ട് നാല് വരെ 7135938 ടിക്കറ്റുകളാണ് വിറ്റുപോയത്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിലാണ്. 1302680 ടിക്കറ്റുകളാണ് ഇതുവരെ ജില്ലയിൽ നിന്നും വിറ്റത്. സബ് ഓഫീസുകളിലേതുള്‍പ്പെടെയുള്ള കണക്കാണിത്.
കഴിഞ്ഞ തവണ ഓണം ബംപർ അടിച്ചത് കോയമ്പത്തൂരായിരുന്നു. വാളയാറിൽ നിന്നും എടുത്ത ടിക്കറ്റിനായിരുന്നു സമ്മാനം. അതുകൊണ്ട് തന്നെ ഇക്കുറി അതിർത്തിയിൽ ടിക്കറ്റ് വിൽപ്പന പൊടിപൊടിച്ചുവെന്നാണ് ലോട്ടറി കടക്കാർ പറഞ്ഞത്. തനിച്ചും കൂട്ടമായി എത്തിയുമൊക്കെ നിരവധി പേർ ടിക്കറ്റ് വാങ്ങാനെത്തിയിരുന്നത്രേ.
പാലക്കാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപന നടന്നത് തിരുവനന്തപുരത്താണ്. 946260 ടിക്കറ്റുകളാണ് ഇവിടെ നിന്ന് വിറ്റുപോയത്. തൃശൂർ ജില്ലയിൽ നിന്നും 861000 ടിക്കറ്റും വിറ്റു. നറുക്കെടുപ്പിന് മണിക്കൂറുകൾക്ക് മുൻപും തിരുവോണം ബംപറിനായി കടകളിൽ ആളുകളുടെ തിക്കും തിരക്കുമാണെന്നാണ് ലോട്ടറി കടക്കാർ പറയുന്നത്.