പ്ലസ് വൺ: ഒൻപത് ജില്ലകളിൽ അപേക്ഷകരേക്കാൾ കൂടുതൽ മെറിറ്റ് സീറ്റ്
അൺഎയ്ഡഡ് വിഭാഗംകൂടി പരിഗണിക്കുമ്പോൾ ഈ ജില്ലകളിലും അപേക്ഷകരെക്കാൾ കൂടുതൽ സീറ്റുണ്ട്.
ഹരിപ്പാട്: സംസ്ഥാനത്തെ ഒൻപതു ജില്ലകളിൽ അപേക്ഷകരെക്കാൾ കൂടുതൽ പ്ലസ് വൺ മെറിറ്റ് സീറ്റ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് മെറിറ്റ് സീറ്റ് കുറവുള്ളത്. അൺഎയ്ഡഡ് വിഭാഗംകൂടി പരിഗണിക്കുമ്പോൾ ഈ ജില്ലകളിലും അപേക്ഷകരെക്കാൾ കൂടുതൽ സീറ്റുണ്ട്.മലപ്പുറത്താണ് മെറിറ്റ് സീറ്റും അപേക്ഷകരുടെ എണ്ണവും തമ്മിൽ വലിയവ്യത്യാസം. ഇവിടെ 16,881 കുട്ടികൾ സപ്ലിമെന്ററി അലോട്‌മെന്റിനായി അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ, മെറിറ്റിൽ ബാക്കി 6,937 സീറ്റ് മാത്രം. പത്തനംതിട്ട ജില്ലയിൽ സപ്ലിമെന്ററി അലോട്‌മെന്റിനായി ബാക്കിയുള്ളത് 3,087 സീറ്റ്. അപേക്ഷകർ 478 മാത്രം.മുൻവർഷങ്ങളിൽ സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടത്തിൽ സീറ്റെണ്ണത്തിൽ കുറവുണ്ടായിരുന്ന തിരുവനന്തപുരത്ത് ഇത്തവണ അപേക്ഷകരെക്കാൾ കൂടുതൽ മെറിറ്റ് സീറ്റുണ്ട്. ഹയർസെക്കൻഡറി സ്‌കൂളുകളിൽ സപ്ലിമെന്ററി അലോട്‌മെന്റിനായി 52,530 മെറിറ്റ് സീറ്റാണുള്ളത്.