സന്തോഷത്തോടെ പഠിക്കാം' വിദ്യാർഥികളുടെ മാനസികാരോഗ്യത്തിന് സംസ്ഥാനവ്യാപക കാമ്പയിൻ
ലഹരിക്കെതിരെ പ്രത്യേക ബോധവത്കരണം നൽകുന്നതിനൊപ്പം തെറ്റായ കൂട്ടുകെട്ടുകളിൽ നിന്നും വഴിതെറ്റിക്കുന്ന സാഹചര്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ ആവശ്യമായ മാർഗനിർദേശവും കൗൺസലിംഗ് പിന്തുണയും നൽകും.വിദ്യാർത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തവും ഉറപ്പാക്കും
വിദ്യാർത്ഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി ‘സന്തോഷത്തോടെ പഠിക്കാം’ എന്ന പേരിൽ സംസ്ഥാനവ്യാപക ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 12 മുതൽ 17 വരെ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സർക്കാർ സ്കൂളുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും.
പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും ഉറപ്പാക്കും.ബോധവത്കരണ ക്ലാസുകൾ, സംവാദങ്ങൾ, കൗൺസലിംഗ് സെഷനുകൾ, സർഗാത്മക പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും.ലഹരിക്കെതിരെ പ്രത്യേക ബോധവത്കരണം നൽകുന്നതിനൊപ്പം തെറ്റായ കൂട്ടുകെട്ടുകളിൽ നിന്നും വഴിതെറ്റിക്കുന്ന സാഹചര്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ ആവശ്യമായ മാർഗനിർദേശവും കൗൺസലിംഗ് പിന്തുണയും നൽകും.വിദ്യാർത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തവും ഉറപ്പാക്കും.
ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സൈക്യാട്രിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, മാനസികാരോഗ്യ വിദഗ്ധർ, കൗൺസലർമാർ തുടങ്ങിയവരുടെ സേവനം കാമ്പയിനായി പരമാവധി പ്രയോജനപ്പെടുത്താനും മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി.
സർക്കാർ മെഡിക്കൽ കോളേജുകൾ, ജില്ലാ മാനസികാരോഗ്യ പരിപാടി, ജില്ലാ ആരോഗ്യ സംവിധാനങ്ങൾ എന്നിവയുടെ ഏകോപനത്തോടെ സ്‌കൂളുകളിൽ ആവശ്യമായ വിദഗ്ധ സേവനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തും. ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രത്യേക മാനസികാരോഗ്യ ആവശ്യങ്ങൾ പരിഗണിച്ച് അവർക്ക് അനുയോജ്യമായ മാനസികാരോഗ്യ പിന്തുണ, കൗൺസലിങ്, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ ഉറപ്പാക്കും. കാമ്പയിനിലെ എല്ലാ പ്രവർത്തനങ്ങളിലും അവരുടെ തുല്യവും സജീവവുമായ പങ്കാളിത്തവും ഉറപ്പാക്കും.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തെറ്റായ ധാരണകളും അപമാനബോധവും കുറയ്ക്കുന്നതിനായി വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കും. കാമ്പയിൻ ജില്ലാതലത്തിൽ ഫലപ്രദമായി നടപ്പാക്കി സംസ്ഥാനതലത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകിയതായും മന്ത്രി കെ. മുരളീധരൻ അറിയിച്ചു.


