കോട്ടയം ജില്ലാതല ഓണാഘോഷത്തിന് തിങ്കളാഴ്ച തുടക്കം
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷം ഓണനിറവ് 2026 ന് തിങ്കളാഴ്ച (ഓഗസ്റ്റ് 24) തുടക്കം. ഓഗസ്റ്റ് 28 വരെ വിപുലമായ കലാ-സാംസ്‌കാരിക പരിപാടികളോടെയാണ് ജില്ലാതല ഓണാഘോഷം തിരുനക്കര മൈതാനത്ത് സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 24 വൈകുന്നേരം 4.30ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഓണഘോഷം ഉദ്ഘാടനം ചെയ്യും. ജലവിഭവ-ഭവനനിർമാണവകുപ്പ് മന്ത്രി മോൻസ് ജോസഫ് അധ്യക്ഷത വഹിക്കും. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. ഓണസന്ദേശം നൽകും.
എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ജോസ് കെ. മാണി, എംഎൽഎമാരായ മാണി സി. കാപ്പൻ, ചാണ്ടി ഉമ്മൻ, നാട്ടകം സുരേഷ്, കെ. ബിനിമോൻ,എം.ജെ. സെബാസ്റ്റ്യൻ, റോണി കെ. ബേബി, വിനു ജോബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്‌കുമാർ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, എ.ഡി.എം. സോളി ആന്റണി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, നഗരസഭാംഗം എസ്. ഗോപകുമാർ, തഹസിൽദാർ സിറിൽ സഞ്ജു ജോർജ്, സംഘടനാപ്രതിനിധികളായ യൂജിൻ തോമസ്, ടി.ആർ. രഘുനാഥൻ, അസീസ് ബഡായി, അഡ്വ. ജയ്സൺ ജോസഫ്, അഡ്വ. സന്തോഷ്‌കുമാർ, ലിജിൻ ലാൽ, ടി.സി. അരുൺ, തമ്പി ചന്ദ്രൻ, ടോമി വേദഗിരി, സണ്ണി തോമസ്, നിബു ഏബ്രഹാം എന്നിവർ പങ്കെടുക്കും.
ഉദ്ഘാടച്ചടങ്ങിനു മുന്നോടിയായി 3.30ന് ബസേലിയസ് കോളജ് മൈതാനത്തുനിന്ന് തിരുനക്കര മൈതാനിയിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും. തുടർന്ന് നാലുമണിക്ക് മ്യൂസിക്കൽ ഫ്യൂഷനും അരങ്ങേറും.
ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാദിവസവും വൈകിട്ട് വൈവിധ്യമാർന്ന കലാ-സംസ്‌കാരികപരിപാടികളും ഒരുക്കിയിട്ടുണ്ട്. 24ന് ഉദ്ഘാടനസമ്മേളനത്തിനു ശേഷം കോട്ടയം കമ്യൂണിക്കേഷൻസിന്റെ ഗാനമേള അരങ്ങേറും.
ഉത്രാടദിവസമായ 25ന് വൈകുന്നേരം അഞ്ചിന് ജില്ലയിലെ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്ന പ്രതിഭാസംഗമം നിയസമഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവായ വൈക്കം വിജയലക്ഷ്മിയെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് വൈക്കം വിജയലക്ഷ്മിയുടെ ഗാനമേള.
തിരുവോണദിവസമായ ഓഗസ്റ്റ് 26ന് വൈകുന്നേരം മാരായമുട്ടം ജോണി അവതരിപ്പിക്കുന്ന കഥാപ്രസംഗം കണ്ണകി, 5.30ന് ജില്ലയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന 'ആർക്കും പാടാം' പരിപാടി, 6.30ന് കോട്ടയം കുക്കുംബർ സിറ്റിയുടെ മ്യുസിക് ബാൻഡ്.
ഓഗസ്റ്റ് 27ന് വൈകുന്നേരം നാലു മുതൽ സർവേ വകുപ്പ് അവതരിപ്പിക്കുന്ന ഗാനമേള, 5.30 മുതൽ ഡോ. ഗീതു ഹരിദാസിന്റെ സംഗീതസദസ്, ഏഴിന് കമരം നാടൻപാട്ട്.
അവസാനദിവസമായ ഓഗസ്റ്റ് 28ന് വൈകുന്നേരം നാലിന് സുരേഷ് കോട്ടയത്തിന്റെ കരാക്കേ ഗാനമേള, ആറുമുതൽ മുതൽ കോൽക്കളി, 6.30 മുതൽ ഗ്രൂവ് ബാൻഡിന്റെ സംഗീതപരിപാടി.


