അറിവാണ് വ്യക്തികളെ സ്വതന്ത്രരാക്കുന്നത്: മന്ത്രി കെ.എ. തുളസി
അറിവാണ് വ്യക്തികളെ സ്വതന്ത്രരാക്കുന്നതെന്നും ആ അറിവ് നേടാന്‍ പരമാവധി കഠിനപ്രയത്‌നം ചെയ്യണമെന്നും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഉയരെ - എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അറിവിലൂടെ നേടുന്ന വ്യക്തിത്വമാണ് സമൂഹത്തില്‍ നാം ആരുടെയും പിന്നിലല്ല എല്ലാവര്‍ക്കും ഒപ്പമാണ് എന്ന ബോധ്യമുണ്ടാക്കുന്നത്. അറിവാണ് ശക്തി പകരുന്നത്. ഈ വിജയം കൂടുതല്‍ വിജയങ്ങള്‍ക്കുള്ള ചവിട്ടുപടിയാകട്ടെയെന്ന് മന്ത്രി ആശംസിച്ചു. എല്ലാവര്‍ക്കും ചിലപ്പോള്‍ ആഗ്രഹിക്കുന്ന സ്ഥലത്തെത്താന്‍ കഴിയാതെ വന്നേക്കാം. പക്ഷേ എത്തിപ്പെടുന്നയിടത്ത് പൂര്‍ണ സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കണം. ഒരു വ്യക്തി വിചാരിച്ചാല്‍ സമൂഹത്തില്‍ വലിയ സംഭാവന നല്‍കാന്‍ കഴിയും. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് മുന്‍ഗണന നല്‍കി പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തടിയമ്പാട് ബ്ലോക്ക് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ എഫ്. രാജ എംഎല്‍എ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി, വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷൗജമോള്‍ പി കോയ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിപ്‌സി ജിന്നി, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമള മോഹന്‍ദാസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. ബിജു, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികല്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


