കേരളത്തെ ആഗോള സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ; നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം ചേർന്നു.
ഇന്ത്യയിൽ വരാനിരിക്കുന്ന സെമികണ്ടക്ടർ വിപ്ലവത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ലോകം സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, കേരളത്തെ ഒരു പ്രധാന സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള സുപ്രധാന ചർച്ചയാണ് മന്ത്രിയുടെ ഓഫീസിൽ നടന്നത്. സെമികണ്ടക്ടർ ഉൽപ്പാദനത്തിന് ആവശ്യമായ പ്രകൃതി വിഭവങ്ങൾ, വൈദഗ്ധ്യമുള്ള മാനവ വിഭവശേഷി (Skilled Human Resource), സാങ്കേതികവിദ്യയിലൂന്നിയ മികച്ച ഇക്കോസിസ്റ്റം എന്നിവ കേരളത്തിൽ ലഭ്യമാണ്. ഈ അനുകൂല ഘടകങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് നിക്ഷേപങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്തിടെ ഡൽഹിയിൽ നടന്ന ആഗോള സെമികണ്ടക്ടർ കോൺഫറൻസിലെ ആശയങ്ങൾ ഉൾക്കൊണ്ടാണ് കേരളത്തിലും പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. സെമികണ്ടക്ടർ ഉൽപ്പാദനത്തിൽ ആഗോള തലത്തിൽ മുൻപന്തിയിലുള്ള തായ്വാൻ, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ മാതൃക പിന്തുടർന്ന്, കേരളത്തിന്റെ വിഭവങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തി ഈ മേഖലയിൽ എങ്ങനെ അതിവേഗം മുന്നേറാം എന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി വരും ദിവസങ്ങളിലും കൂടുതൽ ചർച്ചകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ മാധവൻ നമ്പ്യാർ, അരുണ സുന്ദർരാജൻ, കെ.എസ്.ഐ.ഡി.സി ചെയർമാൻ ബാലഗോപാൽ വ്യവസായ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഐ.ടി സെക്രട്ടറി സാംബശിവ റാവു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


