സി.എ കോഴ്സ്: ഘടനയില്‍ അടിമുടി മാറ്റം
മാറ്റങ്ങളിൽ ഏറ്റവും പ്രധാനം പേപ്പറുകളുടെ എണ്ണം കുറഞ്ഞതും ആര്‍ട്ടിക്കിള്‍ഷിപ് അഥവ നിര്‍ബന്ധിത പ്രായോഗിക പരിശീലനം മൂന്നുവര്‍ഷം എന്നതിനു പകരം രണ്ട് വര്‍ഷമാക്കിയതുമാണ്.
തിരുവനന്തപുരം : ഭാഗികമായി വിജയിച്ചാല്‍പോലും തൊഴിൽ സാധ്യതയുള്ള കോഴ്സാണ് സി.എ അഥവ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി. ഇന്റര്‍മീഡിയറ്റ് കഴിഞ്ഞാല്‍തന്നെ തൊഴില്‍ ലഭ്യമായ കോഴ്സ്! പക്ഷേ, ഈ വർഷം മുതൽ സി.എ കോഴ്സിന്‍റെ ഘടനയില്‍ കാര്യമായ ചില മാറ്റങ്ങള്‍ വന്നിരിക്കുന്നു. മാറ്റങ്ങളിൽ ഏറ്റവും പ്രധാനം പേപ്പറുകളുടെ എണ്ണം കുറഞ്ഞതും ആര്‍ട്ടിക്കിള്‍ഷിപ് അഥവ നിര്‍ബന്ധിത പ്രായോഗിക പരിശീലനം മൂന്നുവര്‍ഷം എന്നതിനു പകരം രണ്ട് വര്‍ഷമാക്കിയതുമാണ്.
സി.എ കോഴ്സിന് ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ്, ആര്‍ട്ടിക്കിള്‍ഡ് ട്രെയിനിങ്, ഫൈനല്‍ എന്നിങ്ങനെ നാല് ഘട്ടങ്ങളായി നടക്കുന്ന പരീക്ഷകളുടെയും പരിശീലന പരിപാടികളുടെയും ഒരു ഘടനയാണുള്ളത്. ഈ ഘടനയിലെ ഓരോ ഘട്ടങ്ങളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുതിയ ഘടനയനുസരിച്ചുള്ള ആദ്യത്തെ പരീക്ഷ 2024 മേയിലാണ്.
ഫൗണ്ടേഷന്‍
മുമ്പ് ഫൗണ്ടേഷന്‍ കോഴ്സില്‍ നാല് പേപ്പറും ആറു വിഷയങ്ങളും ആയിരുന്നു. പ്രിന്‍സിപ്പ്ള്‍ ആന്‍ഡ് പ്രാക്ടീസ് ഓഫ് അക്കൗണ്ടിങ് എന്ന ആദ്യത്തെ പേപ്പറിന്റെ പേരും ഘടനയും മാറ്റി അക്കൗണ്ടിങ് എന്നാക്കി രണ്ടാം പേപ്പറില്‍നിന്ന് ബിസിനസ് കറസ്പോണ്ടന്‍സ് ആന്‍ഡ് റിപ്പോര്‍ട്ടിങ് എന്ന വിഷയം ഒഴിവാക്കി ബിസിനസ് ലോ മാത്രമാക്കി കുറച്ചു. മൂന്നാം പേപ്പര്‍ പഴയ വിഷയങ്ങള്‍തന്നെ നിലനിര്‍ത്തി പേര് മാറ്റി ക്വാണ്ടിറ്റെറ്റീവ് ആപ്റ്റിട്യൂഡ് എന്നാക്കി.
നാലാമത്തെ പേപ്പറില്‍നിന്ന് ബിസിനസ് ആന്‍ഡ് കമേഴ്സ്യല്‍ നോളജ് ഒഴിവാക്കി ബിസിനസ് ഇക്കണോമിക്സ് മാത്രമാക്കി. പഴയ ഘടനയില്‍ ഉണ്ടായിരുന്ന ബിസിനസ് കറസ്പോണ്ടന്‍സ് ആന്‍ഡ് റിപ്പോര്‍ട്ടിങ്, ബിസിനസ് ആന്‍ഡ് കമേഴ്സ്യല്‍ നോളഡ്ജ് എന്നീ വിഷയങ്ങള്‍ ഒഴിവാക്കിയതാണ് ഫൗണ്ടേഷന്‍ കോഴ്സിലെ കാതലായ മാറ്റം.
ഫൗണ്ടേഷന്‍ പരീക്ഷ ആഗ്രഹിക്കുന്നവര്‍ പരീക്ഷയുടെ നാല് മാസം മുമ്പ് രജിസ്റ്റർ ചെയ്തിരിക്കണം. പ്ലസ് ടു പരീക്ഷ എഴുതിയിരിക്കുകയും വേണം. സി.എ ഫൗണ്ടേഷന്‍ കോഴ്സ് രജിസ്റ്റര്‍ ചെയ്‌താല്‍ പുതിയ ഘടനയില്‍ നാലുവര്‍ഷം വരെ കാലാവധിയുണ്ടാകും. ഈ നാല് വര്‍ഷത്തിനിടക്ക് എത്ര തവണ വേണമെങ്കിലും പരീക്ഷയെഴുതാം. നാല് വര്‍ഷത്തെ രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞാല്‍ പിന്നെ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയില്ല.
പഴയ ഘടനയിലേതുപോലെ, എല്ലാ പേപ്പറുകളിലും കൂടി മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് വേണം ഫൗണ്ടേഷന്‍ പാസാവാന്‍. മാത്രമല്ല ഓരോ പേപ്പറിനും 40 ശതമാനം മാര്‍ക്ക് വീതവും വേണം.
ഇന്റര്‍മീഡിയറ്റ്
ഇന്റര്‍മീഡിയറ്റ് പരീക്ഷയുടെ രജിസ്ട്രേഷന്‍ കാലാവധി നാല് വര്‍ഷത്തില്‍നിന്ന് അഞ്ച് വര്‍ഷമാക്കി. കാലാവധി പൂര്‍ത്തിയായാല്‍ ഒരിക്കല്‍കൂടി പുതുക്കാന്‍ പുതിയ ഘടനയില്‍ അവസരമുണ്ട്. ഇന്ററിലെ ഏറ്റവും പ്രധാന മാറ്റം പേപ്പറുകളുടെ എണ്ണം കുറച്ചതാണ്. ആദ്യം രണ്ട് ഗ്രൂപ്പുകളിലായി എട്ട് പേപ്പറായിരുന്നുവെങ്കില്‍ പുതിയ ഘടനയില്‍ രണ്ട് ഗ്രൂപ്പുകളിലായി ആറ് പേപ്പറുകളാക്കി.
പഴയ ഘടനയിലെ ആദ്യത്തെ പേപ്പറായ അക്കൗണ്ടിങ് ഒഴിവാക്കി അഞ്ചാമത്തെ പേപ്പറായിരുന്ന അഡ്വാന്‍സ്ഡ് അക്കൗണ്ടിങ് പുതിയ ഘടനയിലെ ആദ്യത്തെ പേപ്പറാക്കി മാറ്റി. ചെറിയ മാറ്റങ്ങളോടെ രണ്ടാമത്തെ പേപ്പര്‍ നിലനിര്‍ത്തി. പേപ്പര്‍ 2 കോര്‍പറേറ്റ് ലോ (പഴയ ഘടനയില്‍ കോർപറേറ്റ് ആന്‍ഡ് അതര്‍ ലാസ്), പേപ്പര്‍ മൂന്നു കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടിങ്, പേപ്പര്‍ നാല് ടാക്സേഷന്‍ എന്നിവ പഴയതിലേത് പോലെ നിലനിര്‍ത്തി.
പഴയതിലെ ആറാമത്തെ പേപ്പര്‍ ഓഡിറ്റിങ് ആന്‍ഡ് അഷുറന്‍സ് പേര് മാറ്റി ഓഡിറ്റിങ് ആന്‍ഡ് കോഡ് ഓഫ് എത്തിക്സ് എന്ന പേരില്‍ പുതിയ ഘടനയിലെ അഞ്ചാമത്തെ പേപ്പറുമാക്കി മാറ്റി. പഴയ സ്കീമിലെ ഏഴും എട്ടും പേപ്പറുകള്‍ യോജിപ്പിച്ച് ചില ഭാഗങ്ങള്‍ ഒഴിവാക്കി, പാര്‍ട്ട് എ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് പാര്‍ട്ട് ബി സ്ട്രാറ്റജിക് മാനേജ്മെന്റ് എന്നിങ്ങനെ ഒറ്റ പേപ്പറില്‍ ഒതുക്കി, പുതിയ ഘടനയിലെ ആറാമത്തെ പേപ്പറുമാക്കി.
ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ ഓരോ പേപ്പറിലും 30 ശതമാനം എം.സി.ക്യു ചോദ്യങ്ങളായിരിക്കും. നെഗറ്റീവ് മാര്‍ക്കുണ്ട്. ഒരു പേപ്പറില്‍ 60 ശതമാനം മാര്‍ക്ക് നേടിയാല്‍ അത് പിന്നെ എഴുതേണ്ടതില്ല. ആ ആനുകൂല്യം സ്ഥിരമായിരിക്കും.
മുമ്പത്തെ ഘടനയില്‍ 60 ശതമാനം മാര്‍ക്ക് നേടിയ പേപ്പറുകള്‍ക്കുള്ള എക്സംപ്ഷന്‍ തുടര്‍ന്നുള്ള മൂന്നു പ്രാവശ്യത്തെ പരീക്ഷവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വീണ്ടും 60 ശതമാനം മാര്‍ക്ക് കിട്ടിയ പേപ്പറും എഴുതിയെടുക്കണം. പുതിയ ഘടനയില്‍, ആദ്യത്തെ മൂന്നു ചാന്‍സിനുശേഷവും പേപ്പര്‍ എക്സംപ്ഷന്‍ തുടരാം. പക്ഷേ, ഗ്രൂപ്പില്‍ ജയിച്ച മറ്റു പേപ്പറുകള്‍ക്ക് 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.
ആര്‍ട്ടിക്കിള്‍ഡ് ട്രെയിനിങ്
ഇന്റര്‍മീഡിയറ്റിനുശേഷം, ഒരു സി.എ കാരന്റെ കീഴില്‍ നിര്‍ബന്ധമായും ചെയ്യേണ്ട മുഴുസമയ പരിശീലനമാണ് ആര്‍ട്ടിക്കിള്‍ഡ് ട്രെയിനിങ് അഥവ നിര്‍ബന്ധിത പരിശീലനം. പുതിയ സ്കീമില്‍, ഇന്റര്‍മീഡിയറ്റിലെ രണ്ട് ഗ്രൂപ്പും വിജയിക്കുകയും ഐ.സി.ഐ.ടി.എസ്.എസ് (ഇന്‍റഗ്രേറ്റഡ് കോഴ്സ് ഇന്‍ ഐ.ടി ആന്‍ഡ് സോഫ്റ്റ് സ്കില്‍സ്) കോഴ്സ് പൂര്‍ത്തിയാക്കുകയും ചെയ്‌താല്‍ മാത്രമേ ആര്‍ട്ടിക്കിള്‍ഡ് പരിശീലനം പറ്റൂ.
ഇത് മൂന്നിൽ നിന്ന് രണ്ടു വര്‍ഷം ആക്കി ചുരുക്കിയിട്ടുമുണ്ട്.ഈ പരിശീലനം പൂര്‍ത്തിയാക്കിയശേഷം വീണ്ടും സോഫ്റ്റ് സ്കില്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയില്‍ അഡ്വാന്‍സ്ഡ് കോഴ്സും പൂര്‍ത്തിയാക്കണം.
ഫൈനല്‍
സി.എ ഫൈനല്‍ പരീക്ഷയിലും മാറ്റങ്ങളുണ്ട്. രണ്ട് ഗ്രൂപ്പുകളിലായി ഉണ്ടായിരുന്ന എട്ട് പേപ്പറുകള്‍ക്ക് പകരം ആറു പേപ്പറാക്കി. ഒന്നാമത്തെ പേപ്പര്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് തന്നെ. രണ്ടാം പേപ്പര്‍ സ്ട്രാറ്റജിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, എന്നതഅഡ്വാന്‍സ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് എന്നാക്കി. മൂന്നാമത്തെ പേപ്പര്‍ അല്‍പം മാറ്റങ്ങളോടെ നിലനിര്‍ത്തി.
പഴയതിലെ നാലാം പേപ്പര്‍, കോര്‍പറേറ്റ് ആന്‍ഡ് ഇക്കണോമിക്സ് ലോ അഞ്ചാം പേപ്പര്‍, സ്ട്രാറ്റജിക് കോസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് പെര്‍ഫോമന്‍സ് ഇവാല്വേഷന്‍, റിസ്ക് മാനേജ്‌മെന്റ് അടക്കമുള്ള ഭാഗങ്ങള്‍ വരുന്ന ആറാമത്തെ പേപ്പര്‍ എന്നിവ പുതിയ ഘടനയില്‍ ഒഴിവാക്കി.
പഴയ സ്കീമിലെ ഡയറക്റ്റ് ടാക്സ് ലോ, ഇന്‍ ഡയറക്റ്റ് ടാക്സ് ലോ എന്നിവ മാറ്റങ്ങളോടെ യഥാക്രമം നാലും അഞ്ചും പേപ്പര്‍ ആയി കൊണ്ടുവന്നു പുതിയ സ്കീമില്‍. ശേഷം ഇന്റഗ്രേറ്റഡ് ബിസിനസ് സൊല്യൂഷന്‍ എന്ന പേരില്‍ ആറാമത്തെ പേപ്പറായി പുതിയ ഒരു വിഷയം കൊണ്ടുവന്നു.
സെല്‍ഫ് പേസ്ഡ് ഓണ്‍ലൈന്‍ മോഡ്യൂള്‍
പുതിയ ഘടനയില്‍ നാല് സെറ്റുകളായി വിന്ന്യസിച്ചിരിക്കുന്ന ഒരു സെല്‍ഫ് പേസ്ഡ് - സ്വയം നിയന്ത്രിത സമയഘടനയില്‍ നിന്നുകൊണ്ട് വിദ്യാര്‍ഥിയുടെ സൗകര്യമനുസരിച്ച് ചെയ്യാവുന്ന പരിശീലനം - മോഡ്യൂള്‍കൂടി പരിശീലനത്തിന്റെ ഭാഗമായി വരുന്നുണ്ട്. ഇക്കണോമിക് ലോ, സ്ട്രാറ്റജിക് കോസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് പെര്‍ഫോര്‍മന്‍സ് ഇവാല്വേഷന്‍ എന്നിവ ഈ പരിശീലനത്തില്‍ നിര്‍ബന്ധമായി വരുന്ന മോഡ്യൂളുകളാണ്.
മൊത്തം 50 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചാലേ സി.എ ഫൈനല്‍ പരീക്ഷ എഴുതാനുള്ള യോഗ്യത ലഭിക്കൂ. ഈ മോഡ്യൂള്‍ പരീക്ഷകള്‍ വിദ്യാർഥികള്‍ക്ക് അവരുടെ സൗകര്യമനുസരിച്ച് ആര്‍ട്ടിക്കിള്‍ഷിപ് ചെയ്യുന്നതിനിടയില്‍ സാവകാശം ചെയ്യാവുന്നതാണ്. ഫൈനല്‍ പരീക്ഷയുടെ രജിസ്ട്രേഷന്‍ കാലാവധി പത്ത് വര്‍ഷമായിരുന്നത് ഒഴിവാക്കിയിട്ടുണ്ട്.
എക്സിറ്റ് പ്ലാന്‍
സി.എ ഫൈനല്‍ പരീക്ഷ പാസാവാത്ത വിദ്യാര്‍ഥികള്‍ക്ക് ബിസിനസ് അക്കൗണ്ടിങ് അസോസിയേറ്റ് എന്നൊരു സര്‍ട്ടിഫിക്കേഷന്‍ നേടി സി.എ പഠനം അവസാനിപ്പിക്കാവുന്നതാണ്. ചുരുക്കത്തില്‍ വളരെ കാര്യമായ മാറ്റങ്ങളാണ് സി.എ കോഴ്സിന്‍റെ ഘടനയില്‍ വരുത്തിയിരിക്കുന്നത്.
സി.എ പഠിക്കാന്‍ താൽപര്യമുള്ള വിദ്യാര്‍ഥികള്‍ തീര്‍ച്ചയായും പുതിയ മാറ്റങ്ങളും ഘടനകളും വിശദമായി പഠിച്ചതിനുശേഷം പഠന പരിശീലനങ്ങള്‍ ആരംഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് പുതിയ പ്രോസ്പെക്ടസ് ഡൗണ്‍ലോഡ് ചെയ്ത് വായിക്കുക. https://resource.cdn.icai.org/75086bos60514-icai-prospectus-new.pdf