വിജയങ്ങള്‍ ആഘോഷിക്കുമ്പോള്‍ തോറ്റു പോയവരെ കൂടി ചേര്‍ത്തു പിടിക്കാന്‍ നമുക്ക് സാധിക്കണം ; മന്ത്രി കെ.എം ഷാജി

Jun 16, 2026
വിജയങ്ങള്‍ ആഘോഷിക്കുമ്പോള്‍ തോറ്റു പോയവരെ കൂടി ചേര്‍ത്തു പിടിക്കാന്‍ നമുക്ക് സാധിക്കണം ; മന്ത്രി കെ.എം ഷാജി
വിജയങ്ങള്‍ ആഘോഷിക്കുമ്പോള്‍ തോറ്റു പോയവരെ കൂടി ചേര്‍ത്തു പിടിക്കാന്‍ നമുക്ക് സാധിക്കണം ; മന്ത്രി കെ.എം ഷാജി

വിജയങ്ങള്‍ ആഘോഷിക്കുമ്പോള്‍ തോറ്റു പോയവരെ കൂടി ചേര്‍ത്തു പിടിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച മികവ് 2026 കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറസ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പരാജയപ്പെടാനും കുറച്ചുപേര്‍ ഉള്ളതുകൊണ്ടാണ് വിജയികള്‍ ഉണ്ടായത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. ചേര്‍ത്തുനിര്‍ത്തലുകളുടെ ഒന്നിച്ചുചേരലിന്റെ സമാനതകള്‍ ഇല്ലാത്ത ആനന്ദം ആസ്വദിക്കാന്‍ കൂടി നമ്മുടെ വിദ്യാര്‍ഥികളെ പഠിപ്പിക്കണം. വിജയങ്ങള്‍ നേടാന്‍ പഠിപ്പിക്കുന്നതോടൊപ്പം പരാജയങ്ങളെ നേരിടാന്‍ കൂടി വിദ്യാര്‍ഥികളെ പാകപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം എന്നാല്‍ കേവലം മാര്‍ക്കുകള്‍ നേടുകയോ ജോലി നേടുകയോ മാത്രമല്ല അതിന് ഒരു സാമൂഹിക ജീവി ആവുക എന്ന വിശാലമായ അര്‍ത്ഥം കൂടിയുണ്ട്. രസതന്ത്രത്തില്‍ എച്ച് ടു ഒ എന്നാല്‍ വെള്ളം എന്ന് പഠിപ്പിക്കുന്നതോടൊപ്പം വെള്ളം എന്നാല്‍ ദാഹം കൂടിയാണ് എന്നും നമ്മുടെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടതുണ്ട്. വ്യത്യസ്ത വര്‍ണ്ണങ്ങളെ ചേര്‍ത്തുവച്ച് ഒരു ചിത്രകാരന്‍ ചിത്ര രൂപപ്പെടുത്തുന്നത് പോലെ വ്യത്യസ്ത വാക്കുകള്‍ ചേര്‍ത്ത് വെച്ച് ഒരു കവി കവിത ചിട്ടപ്പെടുത്തുന്നത് പോലെ ജീവിതത്തെ വേണ്ടവിധം ക്രമപ്പെടുത്താന്‍ പഠിക്കുമ്പോഴാണ് മനുഷ്യന് മികച്ച ഭാവി ഉണ്ടാകുന്നത്. ലഹരിക്കെതിരായുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് 'മികവ് 2026' അനുമോദനം മന്ത്രി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു* ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ മികച്ച വിജയങ്ങളെയും പ്രതിഭകളെയും ആദരിക്കുന്നതിനായി കാസര്‍കോട് ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച 'മികവ് 2026' അനുമോദന ചടങ്ങ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. കല്ലട്ര മാഹിന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എസ്. എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണം എം.എല്‍.എമാരായ എ.കെ.എം അഷ്റഫ്, കെ നീലകണ്ഠന്‍, ഗോവിന്ദന്‍പള്ളിക്കാപ്പില്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സ്‌പെഷ്യല്‍ പൊലീസ് കേഡറ്റ് കുട്ടികള്‍ക്കുള്ള അനുമോദനം കാസര്‍കോട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും (1200/1200) നേടിയ വിദ്യാര്‍ത്ഥികളെ കാസര്‍കോട് ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭാരത് റെഡ്ഡി ആദരിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എം.മനു, ഇര്‍ഫാന ഇക്ബാല്‍, കെ. കൃഷ്ണന്‍ ഒക്ലാവ്, റീന തോമസ്, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ.വി. ഹരിദാസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇൻ ചാർജ്ജ് പി.സവിത, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. രഘുറാം ഭട്ട്, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാര്‍ എ.കെ, വി.എച്ച്.എസ്. ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ഉദയകുമാരി ഇ.ആര്‍, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ബിജു രാജ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു നന്ദിയും പറഞ്ഞു.