കൈറ്റ് വിക്ടേഴ്‌സ് : കണ്ടന്റ് ക്രിയേറ്റർ - രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

Oct 10, 2026
കൈറ്റ് വിക്ടേഴ്‌സ് : കണ്ടന്റ് ക്രിയേറ്റർ - രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

കൈറ്റ് വിക്ടേഴ്‌സ്, പി.എം ഇ-വിദ്യ ചാനലുകളിലേക്ക് കണ്ടന്റ് ക്രിയേറ്റർമാരുടെ രണ്ടാമത് ബാച്ചിലേക്ക് പാനൽ തയ്യാറാക്കുന്നതിലേക്കായി സംസ്ഥാനത്തെ, സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഊർജസ്വലരും സർഗാത്മക ശേഷിയുള്ളവരും സാങ്കേതികവിദ്യയിൽ അറിവുള്ളവരുമായ അധ്യാപകരിൽ നിന്നാണ് കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷയോടൊപ്പം സ്വന്തമായ ക്ലാസ് റൂം സെഷൻ അല്ലെങ്കിൽ ഏതെങ്കിലും വിദ്യാഭ്യാസ ആശയങ്ങൾ വിശദീകരിക്കുന്ന രണ്ട് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ റെക്കോർഡ് ചെയ്ത് വ്യക്തിഗത ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്ത് ലിങ്ക് നിർദിഷ്ട അപേക്ഷ ഫോമിൽ പോസ്റ്റ് ചെയ്യണം. കൈറ്റിന്റെ ഔദ്യോഗിക പോർട്ടലായ www.kite.kerala.gov.in വഴി 2026 ഒക്ടോബർ 17 വൈകുന്നേരം അഞ്ച് വരെ അപേക്ഷിക്കാം. പ്രധാന വിലയിരുത്തൽ മാനദണ്ഡങ്ങൾ, യോഗ്യതകൾ ഉൾപ്പടെ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭിക്കും. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്നവരെ കൈറ്റ് വിക്ടേഴ്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സ്റ്റുഡിയോകളിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിനും പ്രായോഗിക പരിശീലന സെഷനും ക്ഷണിക്കും.