വി.ഡി. സതീശൻ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായി
ആഭ്യന്തരം രമേശ് ചെന്നിത്തലയ്ക്ക്, ധനവും നിയമവും മുഖ്യമന്ത്രിക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അധികാരമേൽക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ് പൊതുഭരണം, ധനം, നിയമം, തുറമുഖം തുടങ്ങിയ നിർണായക വകുപ്പുകൾ കൈകാര്യം ചെയ്യുക. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ആഭ്യന്തര വകുപ്പും വിജിലൻസും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയ്ക്ക് ശേഷം യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരത്തിലെത്തുമ്പോൾ ഘടകകക്ഷികൾക്കും ശക്തമായ പ്രാധാന്യമാണ് വകുപ്പുവിഭജനത്തിൽ നൽകിയിരിക്കുന്നത് .
നേതാക്കളിൽ കെ. മുരളീധരന് ആരോഗ്യവും ദേവസ്വവും, എ.പി. അനിൽകുമാറിന് റവന്യൂ വകുപ്പും ലഭിച്ചു. യുവനേതാക്കളായ പി.സി. വിഷ്ണുനാഥിന് ടൂറിസം, സാംസ്കാരിക വകുപ്പുകളും, റോജി എം. ജോണിന് ഉന്നത വിദ്യാഭ്യാസവും, എം. ലിജുവിന് എക്സൈസ്, സഹകരണ വകുപ്പുകളുമാണ് നൽകിയിരിക്കുന്നത്. വൈദ്യുതി, പരിസ്ഥിതി വകുപ്പുകളുടെ ചുമതല സണ്ണി ജോസഫിനും, കൃഷി വകുപ്പ് ടി. സിദ്ദിഖിനും നൽകാൻ തീരുമാനമായി. വനിതാ പ്രതിനിധികളായ ബിന്ദു കൃഷ്ണ വനിതാ-ശിശുക്ഷേമം, തൊഴിൽ വകുപ്പുകളും, കെ.എ. തുളസി പിന്നാക്ക ക്ഷേമ വകുപ്പും കൈകാര്യം ചെയ്യും. കായികം, യുവജനക്ഷേമം എന്നിവയാണ് ഒ.ജെ. ജനീഷിന്റെ വകുപ്പുകൾ.
പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് ശക്തമായ വകുപ്പുകളാണ് ലഭിച്ചിട്ടുള്ളത്. പാർട്ടി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഐ.ടി വകുപ്പുകളുടെ ചുമതലയുണ്ടാകും. തദ്ദേശസ്വയംഭരണ വകുപ്പ് കെ.എം. ഷാജിക്കും, പൊതുവിദ്യാഭ്യാസം എൻ. ഷംസുദ്ദീനും, പൊതുമരാമത്ത് പി.കെ. ബഷീറിനും ലഭിച്ചപ്പോൾ ഫിഷറീസ് വകുപ്പിന്റെ ചുമതല വി.ഇ. അബ്ദുൾ ഗഫൂറിനാണ്. മറ്റ് ഘടകകക്ഷി നേതാക്കളായ മോൻസ് ജോസഫ് (ജലസേചനം), അനൂപ് ജേക്കബ് (ഭക്ഷ്യ-സിവിൽ സപ്ലൈസ്), ഷിബു ബേബി ജോൺ (വനം), സി.പി. ജോൺ (ഗതാഗതം) എന്നിവരും പുതിയ മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യും. വരും ദിവസങ്ങളിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും.
മന്ത്രിമാരും വകുപ്പുകളും
മുഖ്യമന്ത്രി
1. വി.ഡി. സതീശൻ: പൊതുഭരണം, ധനം, നിയമം, തുറമുഖം
2. പി.കെ. കുഞ്ഞാലിക്കുട്ടി: വ്യവസായം, ഐ.ടി, സ്റ്റാർട്ടപ്പ്
3. രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലൻസ്, കയർ
4. സണ്ണി ജോസഫ്: വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യം
5. കെ. മുരളീധരൻ: ആരോഗ്യം, ദേവസ്വം
6. മോൻസ് ജോസഫ്: ജലവിഭവം, ജലസേചനം
7. ഷിബു ബേബി ജോൺ: വനം, വന്യജീവി സംരക്ഷണം
8. അനൂപ് ജേക്കബ് : ഭക്ഷ്യം-സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി
9. സി.പി. ജോൺ: ഗതാഗതം
10. എ.പി. അനിൽകുമാർ: റവന്യൂ
11. എൻ. ഷംസുദ്ദീൻ: പൊതുവിദ്യാഭ്യാസം, ഹജ്ജ്, ന്യൂനപക്ഷ വികസനം
12. പി.സി. വിഷ്ണുനാഥ് : ടൂറിസം, സിനിമ, സാംസ്കാരികം
13. റോജി എം. ജോൺ: ഉന്നതവിദ്യാഭ്യാസം
14. ബിന്ദു കൃഷ്ണ : തൊഴിൽ, വനിതാ ശിശുക്ഷേമം
15 .എം. ലിജു: എക്സൈസ്, സഹകരണം
16. കെ.എം. ഷാജി: തദ്ദേശസ്വയംഭരണം, ടൗൺ പ്ലാനിംഗ്
17. പി.കെ. ബഷീർ: പൊതുമരാമത്ത്
18. വി.ഇ. അബ്ദുൾ ഗഫൂർ: ഫിഷറീസ്, സാമൂഹിക നീതി
19. ടി. സിദ്ദിഖ്: കൃഷി, മൃഗസംരക്ഷണം
20. കെ.എ. തുളസി: പട്ടികജാതി പട്ടികവർഗ ക്ഷേമം
21. ഒ.ജെ. ജനീഷ് : കായികം, യുവജനകാര്യം


