നവകേരള പൂർത്തീകരണം ഉറപ്പ്; എൽഡിഎഫ്‌ പ്രകടനപത്രിക പ്രകാശനം ചെയ്‌തു

Apr 2, 2026
നവകേരള പൂർത്തീകരണം ഉറപ്പ്; എൽഡിഎഫ്‌ പ്രകടനപത്രിക പ്രകാശനം ചെയ്‌തു
election-LDF

കോഴിക്കോട്‌ : നവകേരള പൂർത്തീകരണത്തിനായി ജനവിധി തേടുന്ന എൽഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്‌തു. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളം കൈവരിച്ച പുരോഗതിയുടെ തുടർച്ചക്കുള്ള 60 ഇന പരിപാടിയും 950 നിർദേശങ്ങളുമാണ്‌ പ്രകടന പത്രികയിലുള്ളത്‌. കോഴിക്കോട്‌ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടനപത്രിക പ്രകാശനം നിർവഹിച്ചു. എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഐ നേതാവ്‌ കെ പ്രകാശ്‌ബാബു, കെ കൃഷ്‌ണൽകുട്ടി, എ കെ ശശീന്ദ്രൻ, സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം തുടങ്ങിയവർ പങ്കെടുത്തു.

വികസനം, ക്ഷേമം എന്നിവക്കു പുറമെ നവലോകത്തെ അഭിമുഖീകരിക്കാൻ പുതിയ തലമുറയെ പ്രാപ്‌തരാക്കുന്നതിനുള്ള ഒട്ടേറെ പ്രഖ്യാപനങ്ങൾ പ്രകടന പത്രികയിലുണ്ട്‌. അഞ്ച്‌ വർഷം കൊണ്ട്‌ കേരളത്തെ വിജ്ഞാന സമൂഹമായി മാറ്റുമെന്ന്‌ പ്രകടനപത്രിക പ്രഖ്യാപിക്കുന്നു. കേരളം പിന്നിട്ട വഴികൾ ഓർമിച്ചാണ്‌ പ്രകടന പത്രിക ആരംഭിക്കുന്നത്‌. ഓരോ പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ്‌ അനുബന്ധമായി ചേർത്തിട്ടുണ്ട്‌. കഴിഞ്ഞ പത്ത്‌ വർഷംകൊണ്ട്‌ കേരളത്തിന്‌ വിവിധ മേഖലകളിൽ ലഭിച്ച അംഗീകാരങ്ങളും പരാമർശിച്ചിട്ടുണ്ട്‌. അതിദാരിദ്ര്യ നിർമാർജനം, സാമൂഹ്യ സുരക്ഷ, ദുരന്ത നിവാരണവും പുനരധിവാസവും പൊതുവിദ്യാഭ്യാസവും ആരോഗ്യവും ഹരിത കേരളം, സദ്‌ഭരണം, വികേന്ദ്രീകരണം, സ്‌ത്രീ തുല്യത, പശ്ചാത്തല മേഖലയിലെ കുതിപ്പ്‌, ഉന്നത വിദ്യാഭ്യാസ പുന:സംഘടനം, വ്യവസായ സ‍ൗഹൃദം, ഐടി, ടൂറിസം, തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾക്ക്‌ കൂടുതൽ കുതിപ്പേകുന്ന പ്രഖ്യാപനങ്ങളാണ്‌ പ്രകടനപത്രികയിലുള്ളത്‌. മതനിരപേക്ഷതയിൽ ഉ‍ൗന്നിയും കേന്ദ്ര അവഗണനയോടുള്ള പ്രതിരോധവും കൂടിയാണ്‌ എൽഡിഎഫ്‌ ജനസമക്ഷം വച്ച പ്രകടന പത്രിക.

ലോകം ഏറെ വിസ്‌മയത്തോടെ കണ്ടതാണ്‌ കേരളത്തിന്റെ അതിദാരിദ്യ നിർമാർജനം, അടുത്ത ഘട്ടമായി കേവല ദാരിദ്ര്യം നിർമാർജനം ചെയ്യുമെന്ന്‌ പ്രകടന പത്രിക ഉറപ്പ്‌ നൽകുന്നു. യുഡിഎഫ്‌ സർക്കാരിന്റെ കാലത്മത്‌ 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ പത്തുവർഷംകൊണ്ട്‌ 2000 ആയി ഉയർത്തി. ഇ‍ൗ തുക 3000 രൂപയായി ഉയർത്തുമെന്ന്‌ എൽഡിഎഫ്‌ വാഗ്‌ദാനം ചെയ്യുന്നു. അഭ്യസ്‌ത വിദ്യർക്ക്‌ ജോലി ഉറപ്പ്‌ നൽകുന് കാമ്പസ്‌ പ്ലേസ്‌മെന്റ്‌ ഉറപ്പാക്കൽ, ബാക്ക്‌ ടു കാന്പസ്‌ പദ്ധതി, സംരംഭങ്ങൾക്ക്‌ പലിശ രഹിത വായ്‌പ എന്നിവയും ഉറപ്പ്‌ നൽകുന്നു. സ്‌ത്രീകളുടെ ഉന്നമനത്തിനും ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ട്‌. 50 ശതമാനം സ്‌ത്രീകൾക്ക്‌ ജോലി ഉറപ്പ്‌ നൽകുന്നു. 20 ലക്ഷം വീട്ടമ്മമാർക്കും തൊഴിൽ ഉറപ്പ്‌ നൽകുന്നു. വിദ്യാഭ്യാസ രംഗത്തും ഒട്ടേറെ വാഗ്‌ദാനങ്ങളുണ്ട്‌. ഉന്നത വിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിലാക്കും, പൊതുവിദ്യാഭ്യാസ മേഖലയിൽ പഠന പിന്നാക്കം പരിഹരിക്കും, സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പദ്ധതികൾ തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങളുണ്ട്‌. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന്‌ എൽഡിഎഫ്‌ ഉറപ്പ്‌ നൽകുന്നു.

അതിനായി ശമ്പള പരിഷ്‌കരണം നടപ്പാക്കും. വിലക്കയറ്റം തടയും, കടൽ കടലിന്റെ മക്കൾക്ക്‌ ഉറപ്പ്‌ വരുത്തും, കെഎസ്‌ആർടിസിയെ ലാഭത്തിലാക്കും, ജലഗതാഗതവും വാട്ടർ മെട്രോയും ശക്തിപ്പെടുത്തും നവകേരളത്തിന്‌ ജനകീയാസ‍ൂത്രണ കാമ്പയിൻ, പവർകട്ടില്ലാത്ത കേരളം, ഡിസൈൻഡ്‌ സ്‌മാർട്ട്‌ റോഡുകൾ, അതിവേഗ റെയിൽപാതയും റെയിൽ ഗതാഗത ശൃംഖലയും, താങ്ങുവില വർധന, പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം, തോട്ടവിളകൾക്ക്‌ പുതിയ കർമ പരിപാടി, പൊതുമേഖലയെ വിപുലപ്പെടുത്തൽ, ടൂറിസം വളർച്ച, മിഷൻ100000, മനുഷ്യ–വന്യജീവി സംഘർഷം കുറയ്‌ക്കൽ തുടങ്ങിയ ഒട്ടേറെ പ്രഖ്യാപനങ്ങൾ പ്രകടന പത്രികയിലുണ്ട്‌.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.