ക്ഷേമ പെൻഷനുകൾ 3000 രൂപ; പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്

Apr 2, 2026
ക്ഷേമ പെൻഷനുകൾ 3000 രൂപ; പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്
UDF

കൊച്ചി: വികസനവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുന്ന ജനപ്രീയ വാഗ്ദാനങ്ങളുമായി യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് വികസനരേഖ പ്രകാശനം ചെയ്തത്. പുതുയുഗ യാത്രയുടെ സമാപനത്തില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് പ്രധാന ഗ്യാരന്റികള്‍ക്ക് മുന്‍ഗണന നല്‍കുന്ന പത്രികയില്‍, സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ഒട്ടനവധി ജനപ്രിയ പദ്ധതികളാണുള്ളത്. പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന് ശേഷം കേരളത്തെ വീണ്ടും ഐശ്വര്യപൂര്‍ണ്ണമായ പാതയിലേക്ക് നയിക്കാനുള്ള വ്യക്തമായ റോഡ് മാപ്പാണ് യുഡിഎഫ് പ്രകടന പത്രികയിലൂടെ ഉറപ്പാക്കുന്നത്. 

ക്ഷേമപെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുകയും, 10,000 ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കും, ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ വിപുലമായ പരിഷ്‌കാരങ്ങള്‍, വിശ്വാസ സംരക്ഷണം കാര്‍ഷിക പുരോഗതി തുടങ്ങി വിവിധ മേഖലകള്‍ക്ക് അതീവ പ്രാധാന്യമാണ് പ്രകടനപത്രിക നല്‍കുന്നത്. ശബരിമലയിലെ ആചാരസംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന ചരിത്രപരമായ പ്രഖ്യാപനം വിശ്വാസികള്‍ക്ക് വലിയ ആശ്വാസമാകും. കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യമായ റബര്‍ താങ്ങുവില 300 രൂപയായി ഉയര്‍ത്തുമെന്നും യുഡിഎഫ് ഉറപ്പുനല്‍കുന്നു. 

സ്ത്രീ ശാക്തീകരണത്തിന്റെ കരുതലായി ആശാവര്‍ക്കര്‍മാരുടെ പ്രതിദിന വേതനം 700 രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഔദാര്യത്തിനപ്പുറം അവകാശമാക്കുമെന്നും, വിശപ്പുരഹിത കേരളത്തിനായി 'ഇന്ദിരാ കാന്റീന്‍' പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും, കലാലയങ്ങളിലെ അക്രമരാഷ്ട്രീയത്തിനും റാഗിംഗിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മുന്നണി സ്വീകരിക്കുന്നത്. പൂക്കോട് ക്യാമ്പസില്‍ ക്രൂരമായ റാഗിംഗിനിരയായി കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥിന്റെ സ്മരണാര്‍ത്ഥം ക്യാമ്പസുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. ദേവസ്വം ബോര്‍ഡുകളിലെ അഴിമതി തുടച്ചുനീക്കുമെന്നും, സമൂഹത്തില്‍ സമാധാനവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കാന്‍ പ്രത്യേക വകുപ്പുകള്‍ രൂപീകരിക്കുമെന്നും യുഡിഎഫ് പ്രകടനപത്രികയിലൂടെ വാഗ്ദാനം ചെയ്യുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയും തൊഴില്‍സൃഷ്ടിയും ലക്ഷ്യമിട്ട് അടിസ്ഥാനസൗകര്യ വികസനത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്ന രേഖയായാണ് പ്രകടനപത്രിക അവതരിപ്പിച്ചത്. കേരളത്തെ മാരിടൈം ഹബ്ബാക്കാന്‍ ''മിഷന്‍ സമുദ്ര'' പദ്ധതി നടപ്പാക്കും. തുറമുഖങ്ങളെ ബന്ധിപ്പിച്ച ജലഗതാഗത ശൃംഖലയും ചരക്കു ഗതാഗത വികസനവും ലക്ഷ്യമിടുന്നു. വിമാനത്താവള വികസനം, എവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വിമാന പരിപാലന കേന്ദ്രങ്ങള്‍ എന്നിവയും പ്രഖ്യാപിച്ചു. തൊഴില്‍ സംരംഭകത്വത്തിന് പ്രാധാന്യം നല്‍കി സംസ്ഥാനത്ത് 10,000 എംഎസ്എംഇ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാമ്പത്തിക പിന്തുണ നല്‍കും. യുവാക്കള്‍ക്കായി പ്രത്യേക ബജറ്റ് വിഹിതവും 'യുവശ്രീ' പദ്ധതിയും പ്രഖ്യാപിച്ചു. ആഗോള തൊഴില്‍ അവസരങ്ങള്‍ക്ക് പരിശീലന സംവിധാനങ്ങളും ഒരുക്കും.

അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി നവ ആശ്രയ പദ്ധതി, അര്‍ഹര്‍ക്കു സൗജന്യ റേഷന്‍, ഭിന്നശേഷിക്കാര്‍ക്ക് 25% അധിക പെന്‍ഷന്‍, തൊഴിലാളി വേതന പരിഷ്‌കാരം തുടങ്ങി ക്ഷേമരംഗത്ത് വലിയ വാഗ്ദാനങ്ങളാണ് മുന്നോട്ടുവെക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഡയാലിസിസ്, മെഡിക്കല്‍ കോളേജുകളുടെ ശക്തിപ്പെടുത്തല്‍ എന്നിവ പ്രഖ്യാപിച്ചു. വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി, പ്ലസ് വണ്‍ സീറ്റ് പ്രശ്‌നത്തിന് സ്ഥിരപരിഹാരം, ആന്റി-റാഗിംഗ് നിയമം എന്നിവ വിദ്യാഭ്യാസ മേഖലയിലെ പ്രധാന വാഗ്ദാനങ്ങളാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില സംരക്ഷണം, മത്സ്യതൊഴിലാളികള്‍ക്ക് ഇന്ധന സബ്‌സിഡി, തീരദേശ ജനങ്ങള്‍ക്ക് ഭൂമിയുടമസ്ഥാവകാശം എന്നിവയും പ്രഖ്യാപിച്ചു.

സാമ്പത്തിക വളര്‍ച്ചയും ക്ഷേമപദ്ധതികളും സമന്വയിപ്പിക്കുന്ന ഭരണ മാതൃകയാണ് യുഡിഎഫ് മുന്നോട്ടുവെക്കുന്നതെന്ന് നേതൃത്വം വ്യക്തമാക്കുകയാണ്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനുള്ള സാമ്പത്തിക വിഭവങ്ങള്‍ കണ്ടെത്തുക പ്രധാന വെല്ലുവിളിയാകില്ലെന്നാണ് യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ഇതിനായി സംസ്ഥാനത്തിന്റെ അനാവശ്യ ചെലവുകളെ നിയന്ത്രിക്കുകയും, അധിക വിഭവ ശേഖരണം നടപ്പാക്കുകയും അഴിമതി തടയുകയും ചെയ്യുമെന്ന് നേതൃത്വം ഉറപ്പു നല്‍കുന്നു. 

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാന്‍ ബെന്നി ബഹനാന്‍ എംപി, അംഗങ്ങളായ കൊടിക്കുന്നില്‍ സുരേഷ് എംപി, ഡീന്‍ കുര്യാക്കോസ് എംപി, അഡ്വ ജെബി മേത്തര്‍ എംപി, ജി ദേവരാജന്‍, എ എന്‍ രാജന്‍ ബാബു, സലീം പി മാത്യു, പി സി തോമസ്, അഡ്വ മുഹമ്മദ് ഷാ, കെ ബാബു എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റുമാരായ ഹൈബി ഈഡന്‍ എംപി, അഡ്വ ജയ്‌സണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ബി എ അബ്ദുള്‍ മുത്തലിബ്, അഡ്വ. ദീപ്തി മേരി വര്‍ഗീസ്, എം ആര്‍ അഭിലാഷ്, ഫ്രാന്‍സിസ് ജോര്‍ജ്  എംപി, ബാബു ദിവാകരന്‍, ഡൊമിനിക് പ്രസന്റേഷന്‍, അജയ് തറയില്‍, കൊച്ചി മേയര്‍ അഡ്വ വി കെ മിനിമോള്‍, എംപി ജോസഫ് തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.