ഇന്ത്യയിൽ ഇനി എഥനോൾ വണ്ടികളുടെ കാലം; E100 ഇന്ധന ചട്ടങ്ങൾക്ക് നിതിൻ ഗഡ്കരി അംഗീകാരം നൽകി

Jun 15, 2026
ഇന്ത്യയിൽ ഇനി എഥനോൾ വണ്ടികളുടെ കാലം; E100 ഇന്ധന ചട്ടങ്ങൾക്ക് നിതിൻ ഗഡ്കരി അംഗീകാരം നൽകി

രാജ്യത്ത് 100 ശതമാനം എഥനോൾ (E100) ഗതാഗത ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി. ഇതോടെ പൂർണ്ണമായും എഥനോളിൽ മാത്രം ഓടുന്ന വാഹനങ്ങൾ (Ethanol-only vehicles) ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാനുള്ള വഴി തെളിഞ്ഞു. ശനിയാഴ്ച നാഗ്പൂരിൽ നടന്ന ഒരു കോൺഫറൻസിൽ സംസാരിക്കവെയാണ് താൻ ഈ ഫയലിൽ ഒപ്പുവെച്ച കാര്യം മന്ത്രി വ്യക്തമാക്കിയത്. വാഹന നിർമ്മാതാക്കൾക്കും ഇന്ധന വിതരണക്കാർക്കും പരിശോധനാ ഏജൻസികൾക്കും ഇനിമുതൽ ഈ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ എഥനോൾ വാഹനങ്ങളുമായി മുന്നോട്ട് പോകാം. നിലവിൽ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന (E20) പദ്ധതിയാണ് ഇന്ത്യയിൽ സജീവമായി നടപ്പാക്കുന്നത്. എന്നാൽ അതിൽ നിന്നും ഒരുപടി കൂടി കടന്ന് 100 ശതമാനം എഥനോൾ ഉപയോഗത്തിലേക്ക് മാറുന്നത് വഴി വിദേശത്തു നിന്നുള്ള ഇന്ധന ഇറക്കുമതി വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും. ​മാരുതി സുസുക്കി, ഹീറോ തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ എഥനോളിൽ ഓടുന്ന വാഹനങ്ങളുടെ പ്രോട്ടോടൈപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. ടൊയോട്ട, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ കമ്പനികളും ഈ രംഗത്തേക്ക് ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുന്നതിനൊപ്പം കരിമ്പ്, ചോളം എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോളിന് ഡിമാൻഡ് കൂടുന്നത് രാജ്യത്തെ കർഷകർക്കും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ നേട്ടമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു