മുറിവ് ഉണക്കുന്നതിന് മൃഗ ജന്യ ടിഷ്യു ഗ്രാഫ്റ്റ് സ്കാഫോൾഡ് വികസിപ്പിച്ച് ശ്രീ ചിത്ര

വളർത്തുമൃഗങ്ങളുടെ പിത്താശയത്തിൽ നിന്ന് ചികിത്സയ്ക്ക് ആവശ്യമായ ഉല്പന്നം നിർമ്മിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ സാങ്കേതികവിദ്യ

Jan 22, 2026
മുറിവ് ഉണക്കുന്നതിന് മൃഗ ജന്യ ടിഷ്യു ഗ്രാഫ്റ്റ് സ്കാഫോൾഡ് വികസിപ്പിച്ച് ശ്രീ ചിത്ര
തിരുവനന്തപുരം : 22 ജനുവരി 2026
 

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി വികസിപ്പിച്ച ഉണങ്ങാത്ത മുറിവുകളുടെ ചികിത്സയ്ക്ക് ആവശ്യമായ ഉല്പന്നങ്ങൾ ചികിത്സാ രം​ഗത്ത് നിർണായക ചുവട് വയ്പ്പാകുന്നു.

ഫാം വളർത്തു മൃഗങ്ങളുടെ പിത്താശയത്തിലെ ബാഹ്യകോശ അതിസൂക്ഷ്മ തന്മാത്രകൾ (Extracellular matrix) വീണ്ടെടുക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചെടുത്തത്. തുടർന്ന് ഇതിൽ നിന്ന് ഉണങ്ങാത്ത മുറിവുകളുടെ ചികിത്സയ്ക്ക് ആവശ്യമായ ഉത്പന്നങ്ങൾ രൂപപ്പെടുത്തി.

കോളിഡേം എന്ന പേരിൽ വികസിപ്പിച്ച ഉത്പന്നം വിണിയിലെത്തിക്കാനും ശ്രീചിത്രയ്ക്ക് സാധിച്ചു. വലിയ പാടുകൾ അവശേഷിപ്പിക്കാതെ മുറിവുകൾ വേഗം ഉണക്കാൻ കഴിയുമെന്നതാണ് കോളിഡേമിൻ്റെ സവിശേഷത. 

ഡിവിഷൻ ഓഫ് എക്സ്പെരിമെൻ്റൽ പാത്തോളജിയിലെ ഗവേഷകനായ പ്രൊഫസ്സർ ടി. വി. അനിൽകുമാറിൻ്റെ നേതൃത്വത്തിൽ 2008 മുതൽ വളർത്തുമൃഗങ്ങളിൽ നിന്ന് ചികിത്സാ സംബന്ധമായ ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണങ്ങൾ സജീവമായി  നടന്നുവരുകയാണ്. പഠനഫലങ്ങൾ 25-ൽ അധികം അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചു. 10 ഇന്ത്യൻ പേറ്റൻ്റുകൾ നേടാനും ഇവയ്ക്ക് സാധിച്ചു. ഈ കണ്ടുപിടുത്തത്തിലൂടെ ദേശീയ- അന്താരാഷ്ട്ര തലത്തിൽ ശാസ്ത്രസമൂഹത്തിൻ്റെ അംഗീകാരവും പ്രശംസയും നേടാനും ശ്രീചിത്രയിലെ ഗവേഷകർക്ക് കഴിഞ്ഞു.


കോളിഡേമിൻ്റെ സവിശേഷതകൾ

1.  വളർത്തുമൃഗങ്ങളുടെ പിത്താശയത്തിൽ നിന്ന് ചികിത്സയ്ക്ക് ആവശ്യമായ ഉല്പന്നം നിർമ്മിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ലോകത്തിലെ  ആദ്യ സാങ്കേതികവിദ്യ.

2. തദ്ദേശീയമായി വികസിപ്പിച്ചെടുക്കുകയും 2017-ലെ മെഡിക്കൽ ഡിവൈസ് ചട്ടപ്രകാരം വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന് ആവശ്യമായ എല്ലാ അനുമതികളും ലഭിക്കുകയും ചെയ്ത ആദ്യ മൃഗ ഉറവിട ക്ലാസ് ഡി മെഡിക്കൽ ഡിവൈസ് ആണ് കോളിഡേം.

3. അറവുശാലകളിലെ മാലിന്യത്തിൻ്റെ കൂട്ടത്തിൽ വരുന്നതാണ് കശാപ്പു ചെയ്യപ്പെട്ട മൃഗങ്ങളുടെ പിത്താശയം. കോളിഡേം നിർമ്മാണത്തിന് ഇവ ഉപയോഗിക്കാൻ കഴിയുന്നതോടെ കർഷകർക്ക് അധികവരുമാനം ലഭിക്കും.

4. സാധാരണ അറവുശാലകളിൽ മാലിന്യം ആയി അവശേഷിക്കുന്ന മൃഗങ്ങളുടെ പിത്താശയവും പ്രത്യേകിച്ച് മൂല്യമോ ഉപയോഗമോ ഇല്ലാതെ കുമിഞ്ഞു കൂടുമ്പോൾ അവയിൽ നിന്നും സവിശേഷമായ ഒരു മൂല്യ വർദ്ധിത  അസംസ്‌കൃത വസ്തു ലഭിക്കുകയും, അവയെ ഉപയോഗപ്രദമായ  ഒരു മെഡിക്കൽ ഉപകരണമായി വികസിപ്പിച്ച് അത് വഴി കർഷകരുടെ വരുമാനം വർധിക്കുവാനും ഇടയാകുന്നു. ഇത് വഴി അറവുശാലകളിൽ കുമിഞ്ഞു കൂടിയ മാലിന്യം ഒരു പരിധി വരെ നിർമ്മാർജനം ചെയ്യുവാനും സാധിക്കുന്നു

 

ദീർഘകാലമായി ഉണങ്ങാത്ത മുറിവുകൾ, പഴുപ്പ്, നിർജ്ജീവകോശങ്ങൾ മുതലായവ നീക്കം ചെയ്ത് വച്ചുകെട്ടേണ്ട മുറിവുകൾ, പുതിയ കോശങ്ങൾക്ക് വളരാൻ ആവശ്യമായ ബയോളജിക്കൽ സ്കഫോൾഡ് ആവശ്യമായ മുറിവുകൾ, എന്നിവയ്ക്കായി കോളിഡേം ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.

മുറിവുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന കോളിഡേം ഉല്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ 2017-ൽ അലികോൺ മെഡിക്കൽ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ശ്രീചിത്രയിലെ സ്റ്റാർട്ട്അപ്പ് ഇൻക്യുബേറ്ററായ TIMED ൽ പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ്പ് കമ്പനിയാണ് അലികോൺ മെഡിക്കൽ പ്രൈവറ്റ് ലിമിറ്റഡ്. കമ്പനി കോളിഡേം എന്ന പേരിൽ ഉത്പന്നം രജിസ്റ്റർ ചെയ്തു. 2023-ൽ സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ കോളിഡേമിനെ ക്ലാസ് ഡി മെഡിക്കൽ ഉപകരണമായി അംഗീകരിച്ചു.

വൈദ്യശാസ്ത്ര ഉപകരണനിർമ്മാണ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിൻ്റെ ശ്രമങ്ങൾക്ക് ശക്തിപകരുന്നതാണ് കോളിഡേം. വികസിത ഭാരതം, ആത്മ നിർഭർ ഭാരതം, മേക്ക് ഇൻ ഇന്ത്യ, ആയുഷ്മാൻ ഭാരത് തുടങ്ങി രാഷ്ട്രത്തെ സ്വയം പര്യാപ്തതയിലേക്കു നയിക്കുന്ന വിവിധ പദ്ധതികളിലേക്കുള്ള ശ്രീ ചിത്രയുടെ സംഭാവന ആണ് ഈ ഉല്പന്നം. എഫ്ഡിഎ, സിഇ അടക്കമുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കോളിഡേം നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങളും പുരോ​ഗതിയിലാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.