അസംഘടിത തൊഴിലാളികൾക്കായി PM-SYM പെൻഷൻ പദ്ധതി: ദേശീയതല പ്രത്യേക രജിസ്ട്രേഷൻ ഡ്രൈവ്
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ നടപ്പിലാക്കി വരുന്ന പിഎം ശ്രം യോഗി മാൻധൻ (PM-SYM) പദ്ധതിയുടെ ഭാഗമായി അസംഘടിത മേഖലയിലെ തൊഴിലാളികളെ വയോജന സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികളുടെ പരിധിയിൽ കൊണ്ടുവരുന്നതിനായി ദേശീയതലത്തിൽ പ്രത്യേക രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു.
ഘട്ടംഘട്ടമായാണ് രജിസ്ട്രേഷൻ നടപ്പിലാക്കുന്നത്. നഗര മേഖലകളിൽ 2026 ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെയും, ഗ്രാമീണ മേഖലകളിൽ 2026 ഫെബ്രുവരി 16 മുതൽ മാർച്ച് 15 വരെയും രജിസ്ട്രേഷൻ ക്യാമ്പുകൾ നടത്തും.
18 മുതൽ 40 വയസ്സ് വരെ പ്രായമുള്ളതും പ്രതിമാസ വരുമാനം ₹15,000/-അല്ലെങ്കിൽ അതിൽ കുറവുമായ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പദ്ധതിയിൽ ചേരാൻ അർഹതയുണ്ട്. സ്വമേധയാ ചേരാവുന്നതും സംഭാവനാധിഷ്‌ഠിതവുമായതാണ് പദ്ധതി. പ്രായത്തിന് അനുസരിച്ച് ₹55/- മുതൽ 200/-വരെ പ്രതിമാസ സംഭാവന അടച്ച്, 60 വയസ്സ് പൂർത്തിയാക്കിയ ശേഷം പ്രതിമാസം ₹3,000/- രൂപ പെൻഷൻ ലഭിക്കുന്നതാണ് പദ്ധതിയുടെ മുഖ്യ ആനുകൂല്യം.
പദ്ധതിയിൽ അംഗമായ ഗുണഭോക്താവ് മരണപ്പെടുന്ന പക്ഷം, ഭാര്യയ്ക്കോ ഭർത്താവിനോ പെൻഷന്റെ 50 ശതമാനം കുടുംബ പെൻഷനായി അനുവദിക്കുന്നതാണ്. കുടുംബ പെൻഷൻ ഭാര്യ/ഭർത്താവിന് മാത്രമേ ബാധകമായിരിക്കൂ. EPFO, ESIC, NPS എന്നിവയിലെ അംഗങ്ങളും ആദായ നികുതി അടയ്ക്കുന്നവരും ഈ പദ്ധതിയിൽ ചേരാൻ അർഹരല്ല.
പ്രത്യേക രജിസ്ട്രേഷൻ ഡ്രൈവിന്റെ ഭാഗമായി, അർഹരായ തൊഴിലാളികൾ ആധാർ കാർഡ്, ബാങ്ക് അല്ലെങ്കിൽ ജൻ ധൻ അക്കൗണ്ട് വിവരങ്ങൾ (IFSC സഹിതം) എന്നിവ സഹിതം അടുത്തുള്ള CSC കേന്ദ്രങ്ങളിലോ രജിസ്ട്രേഷൻ ക്യാമ്പുകളിലോ ബന്ധപ്പെട്ട ഗവൺമെൻ്റ് ഓഫീസുകളിലോ എത്തി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി തിരുവനന്തപുരം ക്ഷേമ കമ്മീഷണറുടെ ഓഫീസുമായി 0471-2302020 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.


