വരും സാമ്പത്തിക വർഷം കേരളത്തിൽ 3.30 ലക്ഷം കോടിയുടെ വായ്പാ സാധ്യത: നബാർഡ്

സംസ്ഥാനതല ക്രെഡിറ്റ് സെമിനാർ മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

Jan 22, 2026
വരും സാമ്പത്തിക വർഷം കേരളത്തിൽ 3.30 ലക്ഷം കോടിയുടെ വായ്പാ സാധ്യത: നബാർഡ്
v n vasavan minister

തിരുവനന്തപുരം : 21 ജനുവരി 2026

 

കാർഷിക - എംഎസ്എംഇ - അനുബന്ധ മേഖലകളിലായി കേരളത്തിൽ 2026-27 സാമ്പത്തിക വർഷം 3,30,830.14 കോടി രൂപയുടെ പ്രതീക്ഷിത വായ്പാ സാധ്യത മുന്നോട്ട് വെച്ച് നബാർഡ് റിപ്പോർട്ട്‌. സംസ്ഥാനതല ക്രെഡിറ്റ്‌ സെമിനാറിൽ അവതരിപ്പിച്ച സ്റ്റേറ്റ് ഫോക്കസ് പേപ്പറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാർഷിക വിള ഉത്പാദനം, ജല സംവിധാനങ്ങൾ, ഫിഷറീസ് തുടങ്ങി കാർഷിക മേഖലയ്ക്കായി 153252.93 കോടി രൂപയുടേയും, കാർഷിക അനുബന്ധ മേഖലയ്ക്ക് 1,74,960.80 കോടി രൂപയുടെയും, എംഎസ്എംഇ മേഖലയ്ക്ക് 1,12,479.31 കോടി രൂപയുടെയും വിദ്യാഭ്യാസം, പാർപ്പിടം പുനരുപയോ​ഗ ഊർജ്ജം തുടങ്ങിയ മേഖലയ്ക്ക് 43390.03 കോടി രൂപയുടേയും വായ്പാ സാധ്യതയാണ് സ്റ്റേറ്റ് ഫോക്കസ് പേപ്പർ കണക്കാക്കിയിട്ടുളളത്. 2025-26 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർദ്ധനവാണ് 2026-27 സാമ്പത്തിക വർഷം നിർദ്ദേശിച്ചിട്ടുള്ളത്. 

സ്റ്റേറ്റ് ഫോക്കസ് പേപ്പർ കേരള സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ പുറത്തിറക്കി. സെമിനാറിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ഗ്രാമീണ മേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ നബാർഡ് വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് മന്ത്രി പറഞ്ഞു. കാർഷിക മേഖലയെ പോലെ ഗ്രാമീണ ടൂറിസം മേഖലയ്ക്കും മുൻതൂക്കം നൽകുന്ന സമീപനം നബാർഡ് കൈക്കൊള്ളണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ചടങ്ങിൽ സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വി കെ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്ര നിർമാണ പ്രക്രിയയിൽ സംസ്ഥാനങ്ങൾക്ക് നിർണായക പങ്കാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  വികസനത്തിനുള്ള ധനസമാഹരണത്തിനായി നൂതനവും കരുത്തുറ്റത്തുമായ പ്രവർത്തനരീതി ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൃഷിയിലും ഗ്രാമവികസനത്തിലും സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്ക് അംഗീകരിച്ചുകൊണ്ട് 2026 നെ അന്താരാഷ്ട്ര വനിതാ കർഷക വർഷമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് നബാർഡ് ശേഷി വർദ്ധിപ്പിക്കൽ, വൈദഗ്ദ്ധ്യം, സ്ത്രീ കർഷകരുടെ സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നബാർഡ് ചീഫ് ജനറൽ മാനേജർ ശ്രീ. നാ​ഗേഷ് കുമാർ അനുമാല ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജി‌യണൽ ഡയറക്ടർ ശ്രീ പ്രവീൺ കുമാർ വസന്ത രാമചന്ദ്രൻ, എസ് എൽ ബി സി കേരള കൺവീനർ ശ്രീ പ്രദീപ് കെ എസ്  എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്തു. സുസ്ഥിര കൃഷിക്കായി കേരള കേന്ദ്രീകൃത ധനസഹായ മാതൃക രൂപീകരണം (Building Kerala Specific Financing Models for Sustainable Agriculture) എന്ന വിഷയത്തിൽ പാനൽ ചർച്ചയും സംഘടിപ്പിച്ചു. വിവിധ പങ്കാളികൾ സ്റ്റേറ്റ് ഫോക്കസ് പേപ്പറിനെ കുറിച്ചുള്ള കാഴ്ച്ചപ്പാട് പങ്ക് വെച്ചു. കാർഷിക രം​ഗത്ത് ​ഗവേഷണ, വികസന , സ്റ്റാർട്ടപ്പ് മേഖലകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും വായ്പ്പാ അനുബന്ധ വിഷയങ്ങളും പാനൽ ചർച്ച ചെയ്തു. നബാർഡിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന കാർഷിക ഉത്പാദക സംഘടനകൾ, വില്ലേജ് വാട്ടർഷെഡ് കമ്മിറ്റി, ട്രൈബൽ ‍ഡെവലപ്മെന്റ് പ്രോ​ഗ്രാം എന്നിവയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചവർക്കുള്ള ഉപഹാരം മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു. നബാർഡ് ചീഫ് ജനറൽ മാനേജർ എച്ച് മനോജ് ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.