നീലേശ്വരം വീരര്‍കാവ് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ വെടിക്കെട്ട്പുരയ്‌ക്ക് തീപിടിച്ചു; 154 ലേറെ പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം
4 പേരുടെ നില ഗുരുതരം
കാസർഗോഡ് ജില്ലയിൽ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 154 പേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തില്‍ പരിക്കേറ്റവരില്‍ 4 പേരുടെ നില ഗുരുതരം. പരിക്കേറ്റവരില്‍ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ച് പേരാണ് ചികിത്സയിലുള്ളത്. കാഞ്ഞങ്ങാട് ആശുപത്രിയില്‍ 16 പേരും, സഞ്ജീവനി ആശുപത്രിയില്‍ 10 പേരും, ഐശാല്‍ ആശുപത്രിയില്‍ 17 പേരും, പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ച് പേരും, കണ്ണൂര്‍ മിംസില്‍ 18 പേരും, കോഴിക്കോട് മിംസില്‍ രണ്ട് പേരും, അരിമല ആശുപത്രിയില്‍ മൂന്ന് പേരും, ചെറുവത്തൂർ കെഎച്ച്എം ആശുപത്രിയിൽ രണ്ട് പേരും, കാഞ്ഞങ്ങാട് മൻസൂര്‍ ആശുപത്രിയില്‍ അഞ്ച് പേരും, ദീപ ആശുപത്രിയില്‍ ഒരാളും, മാംഗ്ലൂര്‍ എം.ജെ മെഡിക്കല്‍ കോളേജില്‍ 18 പേരുമാണ് ചികിത്സയിലുള്ളത്. അര്‍ധരാത്രി 12 മണിയോടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത് കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മാലപ്പടക്കം പൊട്ടിച്ചപ്പോള്‍ ഇതില്‍ നിന്നുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് തെറിച്ച് വലിയ രീതിയിലുള്ള പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. അപകടത്തില്‍ കേസെടുത്ത പോലീസ് അഞ്ചൂറ്റമ്പലം വീരര്‍കാവ് കമ്മിറ്റി പ്രസിഡണ്ടിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു. അപകടം നടന്നസ്ഥലത്ത് നൂറുകണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്. പൊള്ളലേറ്റതിന് പുറമെ തിക്കിലും തിരക്കിലും പെട്ടും നിരവധി പേര്‍ക്ക് പരിക്കേറ്റു. പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. 100 മീറ്റർ വേണമെന്നാണ് നിയമം. രണ്ടോ മൂന്നോ അടി അകലെ വെച്ച് പടക്കം പൊട്ടിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്‍റെ സമീപത്ത് തന്നെ പടക്കങ്ങള്‍ സൂക്ഷിച്ചതാണ് അപകടകാരണം. സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചുവെന്നും ജില്ലാകളക്ടര്‍ പറഞ്ഞു. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. തെയ്യം മഹോത്സവത്തിനായി പൊട്ടിക്കുന്നതിനായി കൊണ്ടുവന്ന ഓലപ്പടക്കങ്ങളും മറ്റു പടക്കങ്ങളും ബോക്സുകളിലായി സൂക്ഷിച്ചുവെച്ചിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള കലവറയിലാണ് ഇത് സൂക്ഷിച്ചിരുന്നത്. ഇതിലേക്ക് പടക്കം പൊട്ടിയിലുള്ള തീപ്പൊരി വീണതോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റവരെ ആദ്യം നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായ നിരവധി പേരെ മംഗലാപുരത്തെ സ്വകാര്യ ആശുപതികളിലേക്ക് മാറ്റിയിട്ടുണ്ട്. 1500-ലധികം പേര്‍ തെയ്യംകെട്ട് മഹോത്സവത്തിന് എത്തിയിരുന്നു.