ഛർദ്ദിയും വയറിളക്കവും മൂലം ചികിത്സയിലായിരുന്ന മൂന്നാം ക്ലാസുകാരി മരിച്ചത് ഷിഗെല്ല ബാധയെ തുടർന്നാണെന്ന് സംശയം
കടമ്പനാട് ഗണേശ വിലാസം അവന്തിക നിവാസിൽ മനോജിന്റെയും ചിത്രയുടെയും മകൾ അവന്തിക ( 9 ) ആണ് മരിച്ചത്
കടമ്പനാട്: ഛർദ്ദിയും വയറിളക്കവും മൂലം ചികിത്സയിലായിരുന്ന മൂന്നാം ക്ലാസുകാരി മരിച്ചത് ഷിഗെല്ല ബാധയെ തുടർന്നാണെന്ന് സംശയം. കടമ്പനാട് ഗണേശ വിലാസം അവന്തിക നിവാസിൽ മനോജിന്റെയും ചിത്രയുടെയും മകൾ അവന്തിക ( 9 ) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന രോഗമാണ് ഷിഗെല്ല .ഏപ്രിൽ 30ന് രാവിലെയാണ് കുട്ടിയെ ആദ്യം അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നില വഷളായതോടെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെയെത്തി അൽപ്പസമയത്തിനുള്ളിൽ കുട്ടി മരിച്ചു. കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ കുട്ടിയുടെ വീട്ടിലേയും സമീപത്തെ വീടുകളിലേയും കിണറുകളിലെ വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ് പറഞ്ഞു. കുട്ടിയുടെ വീടിനു സമീപത്തെ വീടുകളിലുള്ളവർക്ക് രോഗ ലക്ഷണമുണ്ടെന്ന് സംശയിക്കുന്നു. അങ്ങാടിക്കൽ അറന്തക്കുളങ്ങര ഗവ.എൽ.പി.സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അവന്തിക. സംസ്‌കാരം നടത്തി .സഹോദരൻ: അവിനേഷ്