2026 റിപ്പബ്ലിക്ക് ദിനത്തിൽ ന്യൂഡൽഹിയിൽ അവതരിപ്പിച്ച സാംസ്കാരിക പരിപാടിയുടെ പുനരാവിഷ്കാരവും, ബാൻഡ് ഡിസ്പ്ലേ റിപ്പബ്ലിക്ക് ദിന പരേഡിലും കർത്തവ്യ പഥ് മാർച്ചിലും പ്രധാന മന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത 172 എൻ.സി.സി കേഡറ്റുകൾക്കും കണ്ടിജന്റ് കമാൻഡർക്കും ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉജ്ജ്വലമായ സ്വീകരണം നൽകി.
2025-26 വർഷത്തെ മികച്ച ഗ്രൂപ്പിനുളള ബാനർ പ്രസന്റേഷൻ, ക്യാഷ് അവാർഡ് വിതരണം, സമ്മാനദാനം എന്നീ പരിപാടികളുടെ ഉത്ഘാടനം പാങ്ങോട് കരിയപ്പ ആഡിറ്റോറിയത്തിൽ വച്ച് ഇന്ന് (ഫെബ്രുവരി 4) മേജർ ജനറൽ രമേഷ് ഷൺമുഖത്തിന്റെ അദ്ധ്യക്ഷതയിൽ ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി നിർവ്വഹിച്ചു. ബഹുമാനപ്പെട്ട മന്ത്രിയെ കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന യുവജനങ്ങളെ വാർത്തെടുക്കുന്നതിൽ എൻ.സി സി. വലിയ പങ്കുവഹിക്കുന്നതായും ലഹരി വിരുദ്ധ ബോധവത്കരണത്തിലുൾപ്പെടെ സാമൂഹിക വിഷയങ്ങളിലുള്ള കേഡറ്റുകളുടെ സംഭാവന പ്രശംസനീയമെന്നും ഉന്നത വിദ്യാഭ്യാസ , സാമൂഹ്യ ക്ഷേമ മന്ത്രി ആർ ബിന്ദു പറഞ്ഞു. കേഡറ്റുകളുടെ
മികച്ച പരിശീലനത്തിന് സർക്കാർ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
2026 ജനുവരി ആദ്യവാരം മുതൽ ജനുവരി 29 വരെ നടന്ന അഖിലേന്ത്യാ മത്സരങ്ങളിൽ കേരള എൻ.സി.സി. മികച്ച സമ്മാനങ്ങൾ കരസ്ഥമാക്കി.
സീനിയർ വിങ്ങ് ബെസ്റ്റ് കേഡറ്റ് മത്സരത്തിൽ നേവൽ കേഡറ്റ്-1 കാദംബരി വിനോദിന് വെളളി മെഡൽ ലഭിച്ചു. ഡ്രസ്സേജിൽ
സർജന്റ് ആൻറോസ് ജോണിന് വെളളി മെഡൽ ലഭിച്ചു. ബെസ്റ്റ് കേഡറ്റ് സീനിയർ വിങ് വിഭാഗത്തിൽ കോർപ്പറൽ അഡ്രിൻ ക്ലാരിസ് വി. യ്ക്ക് വെങ്കല മെഡൽ ലഭിച്ചു.
ടെന്റ് പെഗിംങ് മത്സരത്തിൽ സർജന്റ് ഇന്ദർ ജിത്തിന് വെങ്കല മെഡൽ ലഭിച്ചു. ബെസ്റ്റ് ബാൻഡ് ലീഡറായി
അണ്ടർ ഓഫീസർ അശ്വിൻ സുബാഷിനെ തെരഞ്ഞെടുത്തു.
എൻ.സി.സി. മേധാവിയുടെ കമന്റേഷൻ ഒരാൾക്കും കൂടാതെ 7 കേഡറ്റുകൾക്ക് മെഡലിയനും ലഭിച്ചു.
എൻ.സി.സി കേഡറ്റുകൾ തിളക്കമാർന്ന പ്രകടനമാണ് 2026 ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ കാഴ്ചവച്ചത്. 18 കേരള ബറ്റാലിയൻ എൻ.സി.സി. മൂവാറ്റുപുഴയിലെ സീനിയർ ഡിവിഷൺ ആൺ കുട്ടികൾക്കാണ് ബാൻഡ് അവതരിപ്പിയ്ക്കാൻ അവസരം ലഭിച്ചത്. 2025- ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഈ ബറ്റാലിയനിലെ വനിതാ ബാൻഡ് ടീമിന് ചരിത്രത്തിലാദ്യമായി അവസരം ലഭിച്ചു.
2025-26 വർഷത്തെ മികച്ച പ്രകടനം നടത്തുന്നവർക്ക് നൽകി വരുന്ന ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പേരിലുളള എൻ.സി.സി. ബാനർ ഈ വർഷം കൊല്ലം എൻ. സി.സി. ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ലോകനാഥനും, മികച്ച രണ്ടാമത്തെ ഗ്രൂപ്പിനുളള അവാർഡ് കോഴിക്കോട് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആന്റണി ഗ്രോസിയും ഏറ്റു വാങ്ങി.
സംസ്ഥാനത്തെ ബെസ്റ്റ് യൂണിറ്റിനുളള അവാർഡ് 18 കേരള എൻ.സി.സി ബറ്റാലിയൻ മുവാറ്റുപുഴയുടെ കമാൻണ്ടിംഗ് ഓഫീസർ കേണൽ ആർ. ശിവ രാമകൃഷ്ണൻ ഏറ്റുവാങ്ങി. സംസ്ഥാനത്തെ ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനുളള സീനിയർ ഡിവിഷൻ/വിങിനുളള അവാർഡ് എം. ജി. കോളേജ് തിരുവനന്തപുരത്തിന്റെ പ്രിൻസിപ്പൽ ഡോ അനന്തകുമാർ വി. എം. ഏറ്റുവാങ്ങി.
ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനുളള ജൂനിയർ ഡിവിഷൻ/വിങ് സെന്റ് സെക്രട്ട് ഹാർട്ട് സി.ജി എച്ച് . എസ്. എസ്. തൃശ്ശൂരിന്റെ ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൻസി വർഗീസ് ഏറ്റുവാങ്ങി.
2025-26 കാലഘട്ടത്തിലെ മികച്ച ഭരണനിർവഹണത്തിനുളള എൻ.സി.സി ഗ്രൂപ്പുകളിൽ കോഴിക്കോട് ഗ്രൂപ്പിനെ തെരഞ്ഞെടുക്കുകയും അവാർഡ് കോഴിക്കോട് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആന്റണി ഗ്രോസി ഏറ്റു വാങ്ങി.
രാജ്യത്തെ എൻ.സി.സി കളിൽ ഏറ്റവും മികച്ച അടിസ്ഥാന വികസന സൗകര്യങ്ങളാണ് കേരള സർക്കാർ എൻ.സി.സി. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന് നൽകിയിരിക്കുന്നതെന്ന് എൻ.സി. സി. മേധാവി ബഹു. മുഖ്യമന്ത്രിയെ നേരിൽ അറിയിച്ചിട്ടുണ്ട്.
പാങ്ങോട് കരിയപ്പ ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേജർ ജനറൽ രമേഷ് ഷൺമുഖം, അഡീഷണൽ ഡയറക്ടർ ജനറൽ, ബ്രിഗേഡിയർ എ. രാഗേഷ്,. ഡി.ഡി.ജി. എൻ.സി.സി. ഗ്രൂപ്പ് കമാൻഡർമാർ, മറ്റ് ഓഫിസേഴ്സ്, കണ്ടിജന്റ് കമാൻഡർ കേണൽ ജയശങ്കർ ചൗധരി എന്നിവർ പങ്കെടുത്തു.