വൈക്കം സ്മാരകത്തിൽ തന്തൈ പെരിയാർ ജന്മദിനം ആഘോഷിച്ചു

കോട്ടയം: സാമൂഹിക പരിഷ്‌കർത്താവും വൈക്കം സത്യഗ്രഹ സമരത്തിൻറെ മുന്നണി പോരാളിയുമായിരുന്ന പെരിയാർ ഇ.വി രാമസ്വാമി നായ്ക്കറുടെ (തന്തൈ പെരിയാർ) 147-ാം ജന്മദിനം വൈക്കത്ത് ആഘോഷിച്ചു.
തന്തൈ പെരിയാറിന്റെ ജന്മദിനം സാമൂഹികനീതി ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് സർക്കാർ വൈക്കം വലിയകവലയിലുള്ള തന്തൈ പെരിയാർ സ്മാരകത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പെരിയാർ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.
സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിലൂടെ ലക്ഷക്കണക്കിനാളുകളുടെ ജീവിതം മാറ്റിമറിച്ച നേതാവാണ് ഇ.വി. രാമസ്വാമി നായ്ക്കരെന്ന് അദ്ദേഹം അനുസ്മരിച്ചു.
ചടങ്ങിൽ നഗരസഭ അധ്യക്ഷ പ്രീതാ രാജേഷ്, വൈസ് പ്രസിഡന്റ് പി.ടി സുഭാഷ്, നഗരസഭാംഗം ബി. രാജശേഖരൻ, എ.ഡി.എം എസ്.ശ്രീജിത്ത്, ആർ.ഡി.ഒ: കെ.പി ദീപ, തമിഴ്നാട് സർക്കാർ പ്രതിനിധിയും കോയമ്പത്തൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ എ. സെന്തിൽ അണ്ണ, വൈക്കം താഹസിൽദാർ വിബിൻ ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.
ഫോട്ടോക്യാപ്ഷൻ:
വൈക്കം തന്തൈ പെരിയാർ സ്മാരകത്തിൽ സംഘടിപ്പിച്ച പെരിയാർ ജന്മദിന ആഘോഷച്ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പ്രതിമയിൽ പുഷ്പാർച്ചന ടത്തുന്നു.