ലോക് സഭാ തിരഞ്ഞെടുപ്പ്: സര്‍വീസ് വോട്ട് എണ്ണുന്നതില്‍ പരിശീലനം നല്കി
വോട്ടെണ്ണല്‍ സമയത്ത് ക്യു.ആർ. കോഡ് സംവിധാനം ഉപയോഗിച്ച് ഇ- ബാലറ്റിന്റെ സാധുത പരിശോധിക്കുന്നത് സംബന്ധിച്ചായിരുന്നു പരിശീലനം.
മലപ്പുറം : ലോക് സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി സര്‍വീസ് വോട്ടുകള്‍ എണ്ണുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി. വോട്ടെണ്ണല്‍ സമയത്ത് ക്യു.ആർ. കോഡ് സംവിധാനം ഉപയോഗിച്ച് ഇ- ബാലറ്റിന്റെ സാധുത പരിശോധിക്കുന്നത് സംബന്ധിച്ചായിരുന്നു പരിശീലനം.
മലപ്പുറം ജില്ലയില്‍ 1885 സര്‍വീസ് വോട്ടര്‍മാര്‍ക്കാണ് ഇ- ബാലറ്റ് നല്‍കിയിരുന്നത്. സൈനിക-അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സര്‍വീസ് വോട്ട് ചെയ്യാന്‍ അവസരം. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) വഴിയായിരുന്നു വിതരണം. പ്രത്യേകം സജ്ജമാക്കിയ പോര്‍ട്ടല്‍ വഴി മണ്ഡലങ്ങളുടെ വരണാധികാരികളാണ് ഇ-ബാലറ്റുകള്‍ അയച്ചത്. ഇതില്‍ മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ സര്‍വ്വീസ് വോട്ടുകളാണ് ജില്ലയിലെ രണ്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി എണ്ണുക. മലപ്പുറം- 793, പൊന്നാനി- 456 എന്നിങ്ങനെയാണ് ഇ- ബാലറ്റുകള്‍ അയച്ചിട്ടുള്ളത്.
സര്‍വീസ് വോട്ടര്‍മാര്‍ ജോലി ചെയ്യുന്ന വകുപ്പ് തല മേധാവിക്കാണ് ഇ-ബാലറ്റുകള്‍ ലഭിക്കുക. പ്രത്യേക യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ വകുപ്പ് തല മേധാവിക്ക് ഓഫീസിന് കീഴിലുള്ള വോട്ടര്‍മാരുടെ വിവരങ്ങള്‍ ലഭിക്കും. ബാലറ്റ് പേപ്പര്‍, വോട്ടുചെയ്ത ശേഷം തിരിച്ചയക്കുന്നതിനുള്ള കവര്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്തെടുത്ത് വകുപ്പ് മേധാവി വോട്ടർമാർക്ക് വിതരണം ചെയ്യും. വോട്ട് ചെയ്ത ശേഷം അവ വകുപ്പ് തല മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടു കൂടി ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍ക്ക് തപാല്‍ മാര്‍ഗം അയച്ചു നല്‍കണം. തപാല്‍ വഴി വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടു മണി വരെ ലഭിക്കുന്ന ഇ-ബാലറ്റുകള്‍ വോട്ടെണ്ണലിനായി പരിഗണിക്കും. ക്യു.ആർ. കോഡ് സംവിധാനം ഉപയോഗിച്ചാണ് കൗണ്ടിങ് സമയത്ത് ഇ- ബാലറ്റിന്റെ സാധുത പരിശോധിക്കുക. സാധുവായ പോസ്റ്റൽ ബാലറ്റ് മാത്രമേ കൗണ്ടിങ്ങിനായി പരിഗണിക്കൂ. സര്‍വ്വീസ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിശീലനത്തിന് മലപ്പുറം മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ വി.ആര് വിനോദ്, പൊന്നാനി മണ്ഡലം വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമായ കെ. മണികണ്ഠന്, എന്‍.ഐ.സി ജില്ലാ ഓഫീസര്‍ പി. പവനന് എന്നിവര്‍ നേതൃത്വം നല്കി.