പ്രവാസികേരളീയരുടെ സംഗമവേദി ലോക കേരളസഭയുടെ നാലാം പതിപ്പ് ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

Jun 9, 2024
പ്രവാസികേരളീയരുടെ സംഗമവേദി ലോക കേരളസഭയുടെ നാലാം പതിപ്പ് ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

                    പ്രവാസികേരളീയരുടെ സംഗമവേദി ലോക കേരളസഭയുടെ നാലാം പതിപ്പ് ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. നിയമസഭാമന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളാണ് ഇത്തവണയും വേദി. നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുള്‍പ്പടെ 351 അംഗങ്ങള്‍ ലോക കേരള സഭയില്‍ പങ്കെടുക്കും. എംഎല്‍എമാര്‍, കേരള എംപിമാര്‍, ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസി കേരളീയര്‍, ഇന്ത്യക്ക് പുറത്തുള്ളവര്‍, ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍, തിരികെയെത്തിയ പ്രവാസികള്‍, തങ്ങളുടെ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികള്‍, ഒ.സി.ഐ. കാര്‍ഡ് ഉടമകള്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. സഭയില്‍ അംഗത്വത്തിന് താല്‍പര്യമുളള പ്രവാസി കേരളീയര്‍ക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നു. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളീയ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിര്‍ദേശങ്ങളും സംഭാവനകളും നല്‍കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കേരളത്തിലെ ജനപ്രതിനിധികളോട് ഒപ്പമുള്ള ഒരു പൊതുവേദിയാണ് ലോക കേരള സഭ. വ്യത്യസ്ത മേഖലകളിലുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളും നടത്തിവരുന്നു.