വായ്പാ നയ പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക്; റിപ്പോ നിരക്കില്‍ മാറ്റമില്ല
തുടര്‍ച്ചയായ എട്ടാം തവണയാണ് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്.
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യത്തെ വായ്പാ നയ പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കില്‍ മാറ്റമില്ല. 6.50 ശതമാനത്തില്‍ തുടരും. 2023 ഫെബ്രുവരിയിലെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം തുടര്‍ച്ചയായ എട്ടാം തവണയാണ് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്.അതേസമയം, വളര്‍ച്ചാ അനുമാനം ഏഴില്‍നിന്ന് 7.2ശതമാനമായി വര്‍ധിപ്പിച്ചു. അക്കമൊഡേറ്റീവ് നയത്തില്‍നിന്നുള്ള പിന്മാറ്റം തുടരാനും എംപിസി യോഗത്തില്‍ ധാരണയായി. ആറില്‍ നാലുപേരും അനുകൂലിച്ച് വോട്ട് ചെയ്തതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. അടുത്ത യോഗം ഓഗസ്റ്റ് ആറിനും എട്ടിനുമിടയില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏപ്രിലില്‍ 4.83 ശതമാനമായിരുന്നു. ക്ഷമതാപരിധിയായ രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയിലാണ്. ഇത് നാല് ശതമാനത്തില്‍ നിലനിര്‍ത്താനാണ് ആര്‍ബിഐയുടെ ശ്രമം.