കാഞ്ഞിരപ്പള്ളി രൂപത എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് തുടക്കമായി
കൂട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് രൂപത എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് കുട്ടിക്കാനം മരിയന്‍ കോളേജില്‍ തുടക്കമായി. നാലു ദിവസം നീളുന്ന അസംബ്ലിയില്‍ വൈദികരുടെയും സന്യസ്തരുടെയും അല്‍മായരുടെയും 175 പ്രതിനിധികള്‍ പങ്കെടുക്കുന്നു. ഇന്നലെ രാവിലെ റവ. ഡോ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍ ധ്യാനചിന്തകള്‍ പങ്കുവച്ചു. തുടര്‍ന്ന് ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ വി. കുര്‍ബാന അര്‍പ്പിച്ചു. സിഞ്ചെല്ലൂസ് ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കലും പ്രോട്ടോസിന്‍ഞ്ചെല്ലൂസ് റവ. ഡോ. ജോസ് വെള്ളമറ്റവും പൊതു നിര്‍ദ്ദേശങ്ങള്‍ നല്‍കി. വിശ്വാസപരിശീലന ജീവിതം സംബന്ധിച്ച് റവ. ഡോ. ആന്‍ഡ്രൂസ് പാണംപറമ്പിലും ദൈവവചനം വിശ്വാസജീവിതപരിശീലനത്തില്‍ എന്നതില്‍ റവ. ഡോ ആന്റണി ചെല്ലംന്തറയിലും വിഷയാവതരണം നടത്തി. റവ.ഡോ. വര്‍ഗീസ് കൊച്ചുപറമ്പില്‍ മോഡറേറ്ററായിരുന്നു. ദൈവാരാധനയും ക്രൈസ്തവജീവിതവും എന്നതില്‍ റവ. ഡോ.ജേക്കബ് കിഴക്കേവീട് വിഷയാവതരണം നടത്തി. റവ. ഡോ ജയിംസ് ചവറപ്പുഴ മോഡറേറ്ററായിരുന്നു. എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 തിന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും.


