ഭൂപരിഷ്കരണ കമ്മീഷന്: എൽഡിഎഫ് ഉപസമിതി രൂപീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം
കോട്ടയം: ഭൂപരിഷ്കരണ കമ്മീഷന് രൂപീകരണം, അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ പരിഹാര നിര്‍ദേശങ്ങള്‍ക്കായി എല്‍ഡിഎഫ് ഉപസമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെടുവാന്‍ കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ ഉള്ളതുപോലെ പരാജയങ്ങളിലും കൂട്ടുത്തരവാദിത്വമാണ് മുന്നണിയിലെ ഘടകകക്ഷികള്‍ക്കുള്ളത്.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല.കൂട്ടുത്തരവാദിത്വവും കൂട്ടായ തിരുത്തലുകളുമാണ് വേണ്ടതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. എക്കാലവും ഇടതുപക്ഷത്തോടൊപ്പം അടിയുറച്ചു നിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ നിന്നും അകന്നത് എല്‍ഡിഎഫ് ഗൗരവമായി കാണണം.സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ആവശ്യങ്ങളായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയാറാകണം.
മലയോര മേഖലകളിലെ കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ കഴിയാത്തത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് ഉപസമിതി എന്ന ആവശ്യം മുന്നണിക്കുള്ളില്‍ ഉന്നയിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ചെയര്മാന് ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ വൈസ് ചെയര്മാന്മാരായ തോമസ് ചാഴികാടന്, ഡോ. എന്‍ ജയരാജ്,ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്,എംഎല്‍എ മാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു