മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയായ ‘ഗ്ലോബൽ ഡെയറി വില്ലേജ്’ യാഥാർഥ്യത്തിലേക്ക്
ധർമടം മണ്ഡലത്തിലെ വേങ്ങാടാണ് ഗ്ലോബൽ ഡെയറി വില്ലേജ് സ്ഥാപിക്കുന്നത്
കണ്ണൂർ: നീണ്ട കാത്തിരിപ്പിനൊടുവിൽ മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയായ ‘ഗ്ലോബൽ ഡെയറി വില്ലേജ്’ യാഥാർഥ്യത്തിലേക്ക്. 2016ൽ മുഖ്യമന്ത്രിയായതോടെയാണ് സ്വന്തം മണ്ഡലത്തിൽ ഈ ബൃഹത് പദ്ധതിക്ക് രൂപം നൽകിയത്. എന്നാൽ, മറ്റു പദ്ധതികളെപ്പോലെ തന്നെ ഏറെക്കാലം ചുവപ്പുനാടയിൽ കുരുങ്ങി കിടക്കാനായിരുന്നു ഇതിന്റെയും ദുർഗതി.ഒടുവിൽ മാസ്റ്റർ പ്ലാനിന് ഈ മാസം 20ന് ക്ഷീരവികസന വകുപ്പ് അംഗീകാരം നൽകിയതിലൂടെ ആശങ്കയിലായ പദ്ധതി യാഥാർഥ്യമാകാനുള്ള പച്ചക്കൊടി കാട്ടിയിരിക്കുകയാണ്.ധർമടം മണ്ഡലത്തിലെ വേങ്ങാടാണ് ഗ്ലോബൽ ഡെയറി വില്ലേജ് സ്ഥാപിക്കുന്നത്. ക്ഷീരമേഖല ആദായകരവും സുസ്ഥിര വരുമാനദായകവുമായി മാറ്റി യുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ആറുവർഷം മുമ്പ് സംയോജിത ക്ഷീരവികസന പദ്ധതിയായി ഗ്ലോബൽ ഡെയറി വില്ലേജിന് രൂപം നൽകിയത്.മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് മുൻകൈയെടുത്ത പദ്ധതിയായിരുന്നു ഇത്. 70 കോടി രൂപ പദ്ധതിക്കായി സർക്കാർ മാറ്റിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, ഗ്ലോബൽ ഡെയറി വില്ലേജ് യാഥാർഥ്യമായാൽ മിൽമക്ക് എതിരാകുമെന്ന ചില ഉദ്യോഗസ്ഥരുടെ നിലപാടാണ് പദ്ധതി അനിശ്ചിതത്വത്തിലാക്കിയത്.ക്ഷീരവികസന വകുപ്പ് അനുമതി നൽകാതെ ചുവപ്പുനാടയിൽ കുരുക്കിയ പദ്ധതിയുടെ മാസ്റ്റർ പ്ലാനിനാണ് ഒടുവിൽ അനുമതി കിട്ടിയത്. നാടൻ പശുക്കളുടെ സംരക്ഷണവും ഡെയറി യൂനിറ്റുകളും ഡെയറി പ്ലാന്റ്, ഫുഡ് പ്രോസസിങ് പ്ലാന്റ് എന്നിവയുമാണ് പ്രധാനമായും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. ധർമടം മണ്ഡലത്തിൽ ഉൾപ്പെട്ട ധർമടം, പിണറായി, വേങ്ങാട്, മുഴപ്പിലങ്ങാട്, അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളിൽ സാറ്റലൈറ്റ് യൂനിറ്റുകളും സ്ഥാപിക്കും.പദ്ധതിയുടെ പ്രോജക്ട് ഓഫിസറായി തലശ്ശേരി ക്ഷീരവികസന ഓഫിസർ വി.കെ. നിഷാദിനെ സർക്കാർ നിയമിച്ചിട്ടുണ്ട്. അദ്ദേഹം ചുമതലയേറ്റു.