റവന്യൂ വകുപ്പിൽ ജീവനക്കാരുടെ സ്ഥലംമാറ്റം പ്രതിസന്ധിയിൽ
മേയ് 26ന് ഓൺലൈൻ അപേക്ഷയുടെ കരട് പ്രസിദ്ധീകരിക്കാൻ റവന്യൂ വകുപ്പിന് സാധിച്ചിരുന്നില്ല.
കൽപറ്റ: റവന്യൂ വകുപ്പിൽ തഹസിൽദാർമുതൽ സീനിയർ ക്ലർക്ക് വരെയുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം പ്രതിസന്ധിയിൽ. മേയ് 26ന് ഓൺലൈൻ അപേക്ഷയുടെ കരട് പ്രസിദ്ധീകരിക്കാൻ റവന്യൂ വകുപ്പിന് സാധിച്ചിരുന്നില്ല. ജീവനക്കാരുടെ പരാതി വ്യാപകമായതിനെതുടർന്ന് ജൂൺ 20നാണ് ലാൻഡ് റവന്യൂ കമീഷണർ കരട് മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാൽ, ഗുരുതര തെറ്റുകൾ കരട് ലിസ്റ്റിൽ കണ്ടതിനെതുടർന്ന് ഏകദേശം 750 പരാതികളാണ് വിവിധ ജില്ലകളിൽനിന്നായി കമീഷണർക്ക് ലഭിച്ചത്. അപ്പീൽ നൽകുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആയിരുന്നു. അപാകതകൾ പരിഹരിച്ച് അന്തിമ മുൻഗണന പട്ടിക പുറത്തിറക്കാൻ റവന്യൂ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അന്തിമ മുൻഗണന പട്ടിക പുറത്തിറക്കിയാൽ മാത്രമേ സ്ഥലം മാറ്റ പട്ടിക പുറത്തിറക്കാനും കഴിയൂ.കഴിഞ്ഞ ഫെബ്രുവരി 20നാണ് പൊതുസ്ഥലംമാറ്റത്തിന് ലാൻഡ് റവന്യൂ കമീഷണർ സർക്കുലർ ഇറക്കിയത്. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പ് കാരണം സമയക്രമത്തിൽ മാറ്റം വരുത്തി ഏപ്രിൽ 30ന് പുതിയ സർക്കുലർ ഇറക്കുകയായിരുന്നു. ജൂൺ 30ന് അന്തിമ കരട് പ്രസിദ്ധീകരിക്കുമെന്നാണ് സർക്കുലറിൽ അറിയിച്ചിരുന്നത്. നിലവിൽ നിരവധി താലൂക്ക് തഹസിൽദാർമാരുടെ അടക്കം ഒഴിവുകൾ നികത്താനുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റിയത് അതേപടി നിൽക്കുകയാണ്.