ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ;അഴിമതിരഹിതമാക്കാൻ മാനദണ്ഡങ്ങൾ കർശനമാക്കി സർക്കാർ
സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി ചട്ടവിരുദ്ധമായി നടപ്പാക്കുന്നതായി സർക്കാറിന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗ നിർദേശം
 
                                    കോഴിക്കോട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമാണപ്രവൃത്തികൾ സുതാര്യമാക്കുന്നതിനും അഴിമതി രഹിതമാക്കുന്നതിനും സർക്കാർ നടപടി. സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി ചട്ടവിരുദ്ധമായി നടപ്പാക്കുന്നതായി സർക്കാറിന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗ നിർദേശം. ഏറ്റെടുത്ത ആസ്തികൾ പൂർണമായും നിർമിക്കാതിരിക്കുന്നതും നിലവിലുള്ള ആസ്തികളുടെ പുനരുദ്ധാരണം നടത്താതിരിക്കുന്നതും വ്യാപകമാകുന്നതായി റിപ്പോർട്ടിലുണ്ട്.ഗുണഭോക്താക്കളുടെ ഭൂമിയിൽ പ്രവൃത്തി നടത്താതെ അർഹതയില്ലാത്തവർക്ക് സേവനം നൽകുന്നതും സമീപകാലത്ത് വർധിക്കുന്നതായാണ് കണ്ടെത്തൽ. നികുതി ഈടാക്കാതിരിക്കുന്നതും വെണ്ടർമാരിൽനിന്നുള്ള ബില്ലുകൾ അനാവശ്യമായി കാലതാമസം വരുത്തുന്നതും വർധിക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ പരിഷ്കരിച്ചത്. പശുത്തൊഴുത്ത്, ആട്ടിൻകൂട്, കാർഷിക കളങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ തുടങ്ങിയ വ്യക്തിഗത ആസ്തികൾ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിക്കുന്നുണ്ട്. ഇതിനുവേണ്ട സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് വ്യവസ്ഥാപിത ടെൻഡർ നടപടികൾ സ്വീകരിക്കാതെയാണ് മിക്ക പ്രവർത്തനവും. കരാറുകാരുമായുള്ള തദ്ദേശസ്ഥാപനങ്ങളുടെ വഴിവിട്ട ബന്ധം പല പദ്ധതികളുടെയും നിർവഹണത്തെ ബാധിക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ പല പരിപാടികളുടെയും സ്പോൺസർമാർ കരാറുകാരായതിനാൽ ഇവർക്ക് നിയമവിരുദ്ധമായി സഹായം ചെയ്തുകൊടുക്കാൻ നിർബന്ധിതരാവുകയാണ് ഭരണസമിതികളും ഉദ്യോഗസ്ഥരും. ഇതേത്തുടർന്നാണ് വ്യക്തിഗത ആനുകൂല്യത്തിന് അർഹരായ കുടുംബങ്ങളുടെ മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കിയത്. മുൻഗണന തീരുമാനിക്കുന്നതിൽ ഗ്രാമസഭകളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കണം. അർഹരായവരാണെന്ന് ഇനി  തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കി വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട അർഹതാപരിശോധന പൂർത്തിയായ കുടുംബങ്ങൾക്കാണ് ആനുകൂല്യം നൽകുന്നതെന്ന് സെക്രട്ടറി അല്ലെങ്കിൽ അസി. സെക്രട്ടറി ഉറപ്പുവരുത്തണം. ഗുണഭോക്താക്കൾ എസ്റ്റിമേറ്റ് സഹിതം കാലാവധി ഉൾപ്പെടെയുള്ള വർക്ക് ഓർഡറും നൽകണം. സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിലും രീതിയിലും എസ്റ്റിമേറ്റ് തയാറാക്കുന്നുവെന്ന് പഞ്ചായത്തുതല അക്രഡിറ്റഡ് എൻജിനീയർ ഉറപ്പുവരുത്തണം. വ്യക്തിഗത ആനൂകൂല്യം നേടുന്ന ഗുണഭോക്താവ് പ്രവൃത്തിസംബന്ധമായി പഞ്ചായത്തുമായി കരാറിൽ ഏർപ്പെടണമെന്നും മാർഗനിർദേശത്തിലുണ്ട്
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            