രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന കായിക സാക്ഷരത ഗവേഷണ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് അവസരം
സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈനാണ് ഗവേഷണ പദ്ധതി കോഓഡിനേറ്റര്‍.
തേഞ്ഞിപ്പലം: രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന കായിക സാക്ഷരത ഗവേഷണ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് അവസരം. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന പ്രൈമറി സ്കൂള്‍ വിദ്യാർഥികൾക്ക് നാലു വര്‍ഷത്തെ കായിക സാക്ഷരത പരിശീലനം നൽകാന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (ഐ.സി.എസ്.എസ്.ആര്) 1.5 കോടി രൂപയുടെ സാമ്പത്തിക സഹായത്തിന് അനുമതി നല്കി.
സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈനാണ് ഗവേഷണ പദ്ധതി കോഓഡിനേറ്റര്‍. ഡയറക്ടര്‍മാരായി കാലടി സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ. എം.ആര്. ദിനു, തൃശൂര്‍ മെഡിക്കല്‍ കോളജ് കായിക വിഭാഗം അസോസിയറ്റ് പ്രഫ. ഡോ. വി.എ. ഷഫീഖ്, നിലമ്പൂര്‍ അമല്‍ കോളജ് കായികവിഭാഗം അസി. പ്രഫസർ ഡോ. നാഫിഹ് ചെരപ്പുറത്ത്, കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗം അസി. പ്രഫസർ സുബൈര്‍ മേടമ്മല്‍ എന്നിവര്‍ക്കാണ് ചുമതല.15ഓളം അടിസ്ഥാന കായികവിഭാഗങ്ങളില്‍ അഭിരുചി വര്‍ധിപ്പിക്കുകയും അടിസ്ഥാന കഴിവുകള്‍ ചെറുപ്പത്തിലേ സ്വായത്തമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് പദ്ധതി.