വീരമൃത്യു വരിച്ച അഗ്നിവീറിന് നഷ്ടപരിഹാരം 98.39 ലക്ഷം രൂപ നല്കി,
ന്യൂദല്‍ഹി: അഗ്നിവീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഉന്നയിച്ച ആരോപണം ശരിയല്ലന്ന് സൈന്യം. ജമ്മുകശ്മീര്‍ നൗഷേരയില്‍ ഡ്യൂട്ടിക്കിടെ കുഴിബോംബു പൊട്ടി വീരമൃത്യു വരിച്ച അഗ്നിവീര്‍ അജയ്കുമാറിന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സഭയില്‍ മാപ്പു പറയണമെന്നും രാഹുല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ പറഞ്ഞ ആരോപണം ഏറ്റെടുത്ത് കോണ്‍ഗ്രസ് സൈബര്‍ വിഭാഗവും ഇതു പ്രചരിപ്പിച്ചു. എന്നാല്‍ ഈ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് സൈന്യം എക്സില്‍ ചൂണ്ടിക്കാട്ടി.
അഗ്നിവീര്‍ അജയ് കുമാറിന്റെ പരമോന്നത ത്യാഗത്തെ ഭാരത സൈന്യം അഭിവാദ്യം ചെയ്യുന്നു. പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍. അജയ്യുടെ കുടുംബത്തിന് 98.39 ലക്ഷം രൂപ നല്‍കിക്കഴിഞ്ഞു. അഗ്നിവീര്‍ സ്കീം വ്യവസ്ഥകളനുസരിച്ച് ഏകദേശം 67 ലക്ഷം രൂപയുടെ എക്സ്ഗ്രേഷ്യയും മറ്റാനുകൂല്യങ്ങളും, പോലീസ് പരിശോധനയ്ക്കു ശേഷം ഉടന്‍ കൊടുക്കും. 1.65 കോടി രൂപയാണ് കുടുംബത്തിനു ലഭിക്കുക, സൈന്യം എടുത്തുപറഞ്ഞു.