നിയമനം, സൗജന്യ പരിശീലനം
വരവൂർ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: കൂടിക്കാഴ്ച 13 ന്
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ വരവൂർ ഗവ. ഐ.ടി.ഐയിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ) തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. നവംബർ 13-ന് രാവിലെ 11-ന് വരവൂർ ഗവ. ഐ.ടി.ഐയിൽ കൂടിക്കാഴ്ച നടത്തുമെന്ന് ഉത്തര മേഖലാ ട്രെയിനിങ് ഇൻസ്പെക്ടർ അറിയിച്ചു. ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗിലോ അല്ലെങ്കിൽ കേരള ഗവ. അംഗീകൃത മെക്കാനിക്കൽ എഞ്ചിനീയറിംഗിലോ ഉള്ള മൂന്ന് വർഷത്തെ ഡിപ്ലോമയാണ് കുറഞ്ഞ യോഗ്യത. നിയമനം പി.എസ്.സി/എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന ആളെ നിയമിക്കുന്നത് വരെ മാത്രമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0495 2371451, 04884 278218.
കാട്ടൂർ ഗ്രാമപഞ്ചായത്തിൽ ന്യായവിലകട ലൈസൻസി നിയമനം
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കാട്ടൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കാട്ടൂർ വില്ലേജിൽ കാട്ടൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള ന്യായവിലകട (നം. 1843097) ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഉത്തരവുകളും കേരള ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സംവിധാന (നിയന്ത്രണ) ഉത്തരവ് 2021-ലെ മാനദണ്ഡങ്ങളും അനുസരിച്ചാണ് നിയമനം. അപേക്ഷകർക്ക് വിജ്ഞാപനവർഷം ജനുവരി ഒന്നിന് 21 വയസ്സ് പൂർത്തിയായവരും 62 വയസ്സിൽ കവിയാത്തവരും എസ്.എസ്.എൽ.സി / തത്തുല്യ യോഗ്യത നേടിയവരുമായിരിക്കണം. ന്യായവിലകട സ്ഥിതിചെയ്യുന്ന പഞ്ചായത്ത് പ്രദേശത്തെ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ. കട സ്ഥിതിചെയ്യുന്ന അതേ വാർഡിലെ താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഡിസംബർ 11-ന് രാവിലെ 11-നകം നേരിട്ടോ തപാൽ മുഖേനയോ തൃശ്ശൂർ ജില്ലാ സപ്ലൈ ഓഫീസർക്ക് ലഭ്യമാക്കണം. അപേക്ഷാഫോറത്തിൽ 20 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചിരിക്കണം. ലഭിക്കുന്ന അപേക്ഷകൾ അന്നേദിവസം ഉച്ചയ്ക്ക് 12-ന് അപേക്ഷകരുടെ സാന്നിധ്യത്തിൽ ജില്ലാ സപ്ലൈ ഓഫീസിൽ തുറക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.civilsupplieskerala.gov.in-ലും ലഭ്യമാണ്.
വില്ലടം കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ പരിശീലനം
തൃശ്ശൂർ ജില്ലയിലെ വില്ലടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ (ആർ.എസ്.ഇ.ടി.ഐ.) സൗജന്യ തൊഴിലധിഷ്ഠിത പരിശീലനങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് സ്റ്റാൾ പരിശീലനം, 13 ദിവസത്തെ സി.സി.ടി.വി. ക്യാമറ ഇൻസ്റ്റാളേഷൻ ആൻഡ് റിപ്പയറിങ് പരിശീലനം എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. 18 നും 49 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒരാൾക്ക് ഒരു കോഴ്സിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് പരിശീലന സമയം. ഭക്ഷണം, താമസം എന്നിവ ഉൾപ്പെടെ പരിശീലനം തികച്ചും സൗജന്യമായിരിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻ.സി.വി.ഇ.ടി. സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഫോൺ- 9447196324, 0487-2694412.


