13-കാരിയെ കാണാതായിട്ട് 24 മണിക്കൂർ :കുട്ടി കന്യാകുമാരിയിൽ എന്ന് സ്ഥിരീകരിച്ചു
കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്താൻ കേരള, തമിഴ്നാട് പോലീസിന്റെ വ്യാപക തിരച്ചിൽ
തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടി കന്യാകുമാരിയിലെന്ന് സ്ഥിരീകരിച്ചു. പുലർച്ചെ 5.30 ന് സമീപത്തെ ഓട്ടോഡ്രൈവർമാർ കുട്ടിയെ കണ്ടതായി പൊലീസിന് വിവരം നൽകി. കന്യാകുമാരി ബീച്ചിന് സമീപത്തുള്ള ഓട്ടോ ഡ്രൈവർമാരാണ് കുട്ടിയെ കണ്ടത്. പൊലീസിന്റെ ആദ്യസംഘം കന്യാകുമാരിയിലെത്തി.ഇന്നലെ ഉച്ചയ്ക്ക് ബെംഗളൂരു-കന്യാകുമാരി ട്രെയിനിലാണ് കുട്ടി കന്യാകുമാരിയിലേക്ക് പോയത്. കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്തുവെന്ന് യാത്രക്കാരി ബവിത അറിയിച്ചിരുന്നു.
കുട്ടി എത്തിയെന്നു കരുതുന്ന കന്യാകുമാരി റെയിൽവേ സ്റ്റേഷനിലും പരിസരത്തും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുന്നത്.നാട്ടുകാരേയും വ്യാപാരികളേയും ഉൾപ്പടെ കുട്ടിയുടെ ഫോട്ടോ കാണിച്ചുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസും ആർ.പി.എഫ് ഉദ്യോഗസ്ഥരും പരിശോധിക്കുന്നുണ്ട് . ഈ ദൃശ്യങ്ങളിലാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
കുട്ടിയുടെ സഹോദരൻ ചെന്നൈയിലാണ് ജോലിചെയ്യുന്നത്. അതിനാൽ ഇവിടേക്ക് കുട്ടി എത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
എന്നാൽ, ചെന്നൈയിലുള്ള സഹോദരന്റെ അടുത്തേക്ക് മകൾ പോകാൻ സാധ്യതയില്ലെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. അസമിലേക്ക് പോകുമെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻ കുട്ടി അറിയിച്ചിട്ടുണ്ട്.
കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മീക് തംസമിനെയാണ് ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കാണാതായത്. മാതാപിതാക്കൾ വൈകീട്ട് നാലോടെയാണ് വിവരം കഴക്കൂട്ടം പോലീസിൽ അറിയിച്ചത്. പിന്നാലെ സി.സി.ടി.വി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.