മോദിയുടെ ഗാരണ്ടിക്ക് ബദലുമായി എഎപി; പത്ത് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് കേജരിവാള്‍
KEJARIVAL
ന്യൂഡൽഹി: മോദിയുടെ ഗാരണ്ടിക്ക് ബദലുമായി ആംആദ്മി പാര്‍ട്ടി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പത്ത് ഗാരണ്ടികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇന്ത്യാസഖ്യം അധികാരത്തില്‍ വന്നാല്‍ ഈ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം.
24 മണിക്കൂര്‍ സൗജന്യ വൈദ്യുതി ഉറപ്പാക്കും, കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ, ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യ വികസനം, ഹാനികരമായ അഗ്നിവീര്‍ പദ്ധതി റദ്ദാക്കും, ചൈന കൈവശപ്പെടുത്തിയ ഇന്ത്യന്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കും, കാര്‍ഷിക വിളകള്‍ക്ക് എംഎസ്പി ഉറപ്പാക്കും, ജിഎസ്ടി നിയമത്തില്‍ സമഗ്രമായ പരിഷ്കരണം,ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി, ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി തൊഴില്‍ എന്നിവയാണ് പത്ത് ഗാരണ്ടികള്‍.
മോദിയുടെ ഗാരണ്ടിയില്‍ വിശ്വസിക്കണോ, കെജരിവാളിന്റെ ഗാരണ്ടിയില്‍ വിശ്വസിക്കണോയെന്ന് ജനത്തിന് തീരുമാനിക്കാമെന്നും കേജരിവാള്‍ പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്ത് പാര്‍ട്ടിയെ തകര്‍ക്കാനും സര്‍ക്കാരിനെ വീഴ്ത്താനും ആയിരുന്നു ശ്രമം.
എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. തന്റെ അറസ്റ്റിന് ശേഷം ആംആദ്മി പാര്‍ട്ടി കൂടുതല്‍ ഐക്യപ്പെട്ടെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.