മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് പാലക്കാട് ഗവ. മോയൻ മോഡൽ ഗേൾസ് ഹൈസ്കൂളിലെ അധ്യാപകൻ ശശിധരന്
പാലക്കാട് : പാലക്കാട് ഗവ. മോയൻ മോഡൽ ഗേൾസ് ഹൈസ്കൂളിലെ അധ്യാപകൻ ശശിധരന് പഠനകാര്യങ്ങളിൽ ചില ചിട്ടകളൊക്കെയുണ്ട്. പഠനത്തോടൊപ്പം കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും വളർത്തിയെടുത്ത ശശിധരനെ തേടിയെത്തിയത് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്.
മോയൻസിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനാണ് കണ്ണാടി കടകുറിശ്ശി കിഴക്കേപ്പുറത്ത് കെ. ശശിധരൻ. ലളിതമായ ഭാഷയിലും മിതത്വമുള്ള ശൈലിയിലും കുട്ടികളെ പഠിപ്പിക്കുന്നതോടൊപ്പം വിവിധ ക്ലബ്ബുകൾ രൂപവത്‌കരിച്ച് സാമൂഹികരംഗത്ത് നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുമാണ് അവാർഡിന് അർഹനാക്കിയത്.
സാമൂഹികശാസ്ത്ര ക്ലബ്ബിന്റെ ജില്ലാസെക്രട്ടറി, 2013-14 കാലയളവിൽ പാഠപുസ്തകരചനാസമിതിയംഗം, 2022-മുതൽ 2024-വരെ സംസ്ഥാന സാമൂഹികശാസ്ത്ര ക്ലബ്ബിന്റെ സെക്രട്ടറി, സോഷ്യൽ സയൻസ് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
മനുഷ്യവകാശ ആശയങ്ങൾ കോർത്തിണക്കി 535 മീറ്റർ നീളത്തിലുള്ള ബാനർ തയ്യാറാക്കി കുട്ടികളിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ജില്ലാസെക്രട്ടറിയുമാണ് ഇദ്ദേഹം. ഭാര്യ വി.വി. സുനിത കടകുറിശ്ശി എൽ.പി. സ്കൂളിലെ അധ്യാപികയാണ്. മക്കൾ: കെ.എസ്. യദുകൃഷ്ണ (പി.ജി. വിദ്യാർഥി, സെൻട്രൽ യൂണിവേഴ്സിറ്റി തമിഴ്നാട്), കെ.എസ്. നവനീത് കൃഷ്ണ (പ്ലസ് വൺ, പി.എം.ജി.എച്ച്.എസ്.എസ്.).