എസ്.എസ്.എൽ.സി. ബുക്കിലെ പേര് ഇനി മാറ്റാം; ഗസറ്റ് വിജ്ഞാപനം മതി
എസ്.എസ്.എൽ.സി. ബുക്കിലെ പേര് മാറ്റാൻ പാടില്ലെന്ന 1984-ലെ ഉത്തരവിനെ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ വർഷങ്ങളായിനടന്ന കേസിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ.) സർക്കാർ ഭേദഗതിചെയ്തത്
തിരുവനന്തപുരം: എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലെ പേരും ഇനി മാറ്റാം. പേര് മാറ്റിയ വിവരം ഗസറ്റിൽ വിജ്ഞാപനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ ഭവനായിരിക്കും എസ്.എസ്.എൽ.സി.യിൽ മാറ്റംവരുത്തി നൽകുക.എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ വരുത്തുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ, ആ വ്യക്തിയുടെ മറ്റ് സർട്ടിഫിക്കറ്റുകളിലും തിരുത്തൽവരുത്താം. പേരുമാറ്റിയ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും.എസ്.എസ്.എൽ.സി. ബുക്കിലെ പേര് മാറ്റാൻ പാടില്ലെന്ന 1984-ലെ ഉത്തരവിനെ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ വർഷങ്ങളായിനടന്ന കേസിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ.) സർക്കാർ ഭേദഗതിചെയ്തത്.പേര് മാറ്റി ഗസറ്റിൽ വിജ്ഞാപനംചെയ്താലും എസ്.എസ്.എൽ.സി. ബുക്കിലെ പേര് മാറ്റിനൽകാത്തത് ആൾക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.