9 മണിമുതലാണ് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; 9മണിക്ക് മുന്‍പായി കയറുന്ന യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീ യാത്രക്കാർക്കായി യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നാളെ മുതൽ നിലവിൽ വരികയാണ്. ജൂൺ 15-ന് രാവിലെ 8.30-ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടനത്തിന് ശേഷം രാവിലെ 9 മണി മുതലാണ് സൗജന്യമായ ‘0’ ടിക്കറ്റുകൾ ലഭ്യമായി തുടങ്ങുക. അതിനാൽ 9 മണിക്ക് മുൻപായി ബസ്സിൽ കയറുന്ന യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന ഓർഡിനറി ബസുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി അവയിൽ ‘പ്രിയദർശിനി’ എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും നിർദ്ദേശങ്ങളും കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രിയദർശിനിസൗജന്യ യാത്ര… യാത്രക്കാരുടെ അറിവിലേക്ക്
- ജൂൺ 15 ന് രാവിലെ 8.30 ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച ശേഷം രാവിടെ 9 മണി മുതൽ 0 ടിക്കറ്റ് ലഭ്യമായി തുടങ്ങും. അതിന് മുൻപ് ബസ്സിൽ കയറുന്നവർക്ക് സൗജന്യം ലഭ്യമല്ല.
2. സൗജന്യ യാത്ര നടത്തുമ്പോളും സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു ‘0’ ടിക്കറ്റ് എടുക്കേണ്ടതാണ്.
3 ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടത് എങ്കിലും ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുൻപേ ഇറങ്ങണം എങ്കിലും ആ വിവരം കണ്ടക്ടറെ അറിയിക്കണം.
4.നിങ്ങളുടെ കൂടെ 5 മുതൽ11 വയസ്സ് വരെ ഉള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പണം നൽകിയുള്ള ഹാഫ് ടിക്കറ്റ് എടുക്കണം.5 .പുരുഷന്മാർ കൂടെ ഉണ്ടെങ്കിൽ ആ കാര്യം പറഞ്ഞു ടിക്കറ്റ് എടുക്കണം
6. പുരുഷന്മാർ ആണ് ടിക്കറ്റ് എടുക്കുന്നത് എങ്കിൽ കൂടെ വനിതകൾ ഉണ്ടെങ്കിൽ ആ കാര്യം ടിക്കറ്റ് മെഷീനിൽ എൻ്റർ ചെയ്യുന്നതിനു മുൻപ് പറയുക.
7 സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നിലവിൽ ഓർഡിനറിയിൽ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്.
8. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസ്സുകൾ തിരിച്ചറിയുവാൻ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും


