മുകേഷിന് ആശ്വാസം; ലൈംഗികാരോപണ കേസിൽ അറസ്റ്റ് താൽക്കാലികമായി കോടതി തടഞ്ഞു
മുകേഷിന്റെ അറസ്റ്റ് താൽക്കാലികമായി കോടതി തടഞ്ഞു
എറണാകുളം : ലൈംഗികാരോപണ കേസിൽ നടനും എംഎൽഎയുമായ മുകേഷിന് ആശ്വാസം. മുകേഷിന്റെ അറസ്റ്റ് താൽക്കാലികമായി കോടതി തടഞ്ഞു. അടുത്ത മാസം മൂന്ന് വരെയാണ് മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞത്.
എറണാകുളം ജില്ലാ സംഷൻസ് കോടതിയുടേതാണ് ഉത്തരവ്. അൽപ സമയം മുമ്പ് മുകേഷ് സമർപ്പിച്ച ഹർജിയിലാണ് കോടതി അറസ്റ്റ് താൽക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്.താൻ ഒരു എംഎൽഎ ആണെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും മുകേഷ് കോടതിയിൽ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക്മേൽ ചെയ്യാനുള്ള ശ്രമം നടന്നിട്ടുണ്ട്.
കേസിൽ തനിക്ക് അനുകൂലമായ കാര്യങ്ങൾ ഉണ്ട്. എന്നാൽ അത് കേൾക്കാതെയാണ് കേസിൽ പ്രതി ചേർത്ത് പോലീസ് മുന്നോട്ട് പോകുന്നതെന്നും മുകേഷ് കോടതിയെ അറിയിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് തനിക്ക് മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു.ഇക്കാര്യത്തിൽ വിശദമായ വാദം അടുത്ത മാസം മൂന്നിന് കേൾക്കാമെന്നും കോടതി അറിയിച്ചു. അഡ്വ. ജിയോ പോൾ മുഖേനയാണ് മുകേഷ് കോടതിയെ സമീപിച്ചത്.