കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണ ജൂബിലിയുടെ ഇടവകതല ഉദ്ഘാടനം രൂപതയിലെ പള്ളികളിൽ നടത്തപ്പെട്ടു. സുവർണ്ണ ജൂബിലിയുടെ രൂപതതല ഉദ്ഘാടനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്ത മെയ് 12 മുതൽ 15 വരെ കുട്ടിക്കാനം മരിയൻ കോളജിൽ നടത്തപ്പെട്ട എപ്പാർക്കിയൽ അസംബ്ലിയോടനുബന്ധിച്ച് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ,മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, എപ്പാർക്കിയൽ അസംബ്ലി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.
ഇടവകതല ഉദ്ഘാടനത്തിന് മുന്നൊരുക്കമായി ഇടവകയിലെ നേതൃത്വ ശുശ്രൂഷകരുടെ സംഗമങ്ങൾ രൂപതയിലെ 13 ഫൊറോനകളിലും നടത്തപ്പെട്ടു. ഇടവകതല ജൂബിലി കർമ്മ പദ്ധതികളെക്കുറിച്ചാലോചിക്കുന്നതിനായി പ്രത്യേക പാരിഷ് കൗൺസിൽ യോഗങ്ങളും വിവിധതല പ്രതിനിധിയോഗങ്ങളും മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ഇടവകകളിൽ ചേർന്നിരുന്നു. ഇടവകകളിൽ രൂപത പതാക ഉയർത്തി ജൂബി ഗാനം ആലപിക്കുകയും ഇടവകതല ജൂബിലി സ്മാരക പദ്ധതി, ഇടവകതല ജൂബിലി വർഷ കർമ്മപരിപാടികളുടെ പ്രഖ്യാപനം എന്നിവയും നടത്തപ്പെട്ടു.
സുവര്‍ണ ജൂബിലി സ്മാരക ഭവന നിര്‍മാണ പദ്ധതി, വാസയോഗ്യ ഭവന പദ്ധതി, ചികിത്സാ പദ്ധതി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, രൂപതാ ചരിത്ര ക്വിസ്, വിശുദ്ധ ഗ്രന്ഥ പഠന പരമ്പര, കുടുംബക്കൂട്ടായ്മ വാര്‍ഷികങ്ങള്‍, ഇടവക ദിനാഘോഷം, സാമുദായിക-സാംസ്‌കാരിക സംഗമം, സമൂഹിക ശുചിത്വവാരാചരണം, പരിസ്ഥിതി ദിനാചരണം, പൈതൃക പഠനപരമ്പര, ഭവനസന്ദര്‍ശനം തുടങ്ങിയ നിരവധി പദ്ധതികളാണ് ജൂബിലി വര്‍ഷത്തില്‍ നടപ്പിലാക്കുന്നത്.
വിവിധ വിഭാഗങ്ങള്‍ക്കായുള്ള സംഗമങ്ങള്‍ രൂപതയിലെ 13 ഫൊറോനകളുടെ ആതിഥേയത്വത്തില്‍ വൈദിക-സന്ന്യസ്ത അത്മായ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തപ്പെടും.