വൈറ്റിലയിലെ ട്രാഫിക് കുരുക്കഴിക്കാൻ അടിയന്തര നടപടി: ഒന്നര കോടിയുടെ പദ്ധതി ജൂലൈ 30-നകം പൂർത്തിയാക്കാൻ നിർദേശം
വൈറ്റില ജംഗ്ഷനിലെ കടുത്ത ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണുന്നതിനായി ഒന്നരക്കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനം. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് റോഡ് സേഫ്റ്റി അതോറിറ്റി പി.ഡബ്ല്യു.ഡി ക്ക് (എൻ.എച്ച് വിഭാഗം) അനുവദിച്ച തുക ഉപയോഗിച്ചുള്ള റോഡ് വികസന പ്രവൃത്തികൾ വേഗത്തിൽ നടപ്പിലാക്കാൻ നിർദ്ദേശം നൽകിയത്.
അനുവദിച്ച തുക ഉപയോഗിച്ചുള്ള റോഡ് വികസന പ്രവൃത്തികൾ അടുത്ത ആഴ്ച തന്നെ ആരംഭിക്കണം. നിലവിലെ തടസ്സങ്ങൾ നീക്കി പുതിയ റോഡ് ലൈൻ ചെയ്യുന്ന പദ്ധതി ജൂലൈ 30-നകം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകി.
ഒന്നര കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയിലൂടെ വൈറ്റിലയിലെ ട്രാഫിക് കുരുക്കിൽ 60 ശതമാനത്തോളം കുറവുണ്ടാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി സഹോദരൻ അയ്യപ്പൻ റോഡിൽ നിന്നുള്ള കട്ടിംഗുകൾ, വൈറ്റില ജംഗ്ഷനിലെ നാഷണൽ ഹൈവേ മേൽപ്പാലത്തിൻ്റെ തൂണുകളോട് ചേർന്നുള്ള കോൺക്രീറ്റുകൾ ഭാഗീകമായി ഒഴിവാക്കി സഹോദരൻ അയ്യപ്പൻ റോഡിൽ നിന്ന് വരുന്ന സ്വകാര്യ ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ
കണിയാമ്പുഴ റോഡിലൂടെ കൂടുതൽ സഞ്ചരിച്ച് ഹബ് എക്സിറ്റിലേക്ക് തിരിച്ചുവിടും. സഹോദരൻ അയ്യപ്പൻ റോഡിൽ നിന്ന് വരുന്ന കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ സിഗ്നൽ കടന്ന് സ്റ്റേറ്റ് ഹൈവേയിലൂടെ കടത്തിവിട്ടുമാണ് പരിഹാരം കാണുന്നത്. ഇത്തരത്തിൽ ഹെവി വാഹനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുമെങ്കിലും ജംഗ്ഷനിലെ വലിയ സമയനഷ്ടം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.
പദ്ധതിയുടെ ഭാഗമായി വൈറ്റില ജംഗ്ഷനിൽ നിന്നും കണിയാമ്പുഴ ഭാഗത്തേക്കു 120 മീറ്റർ നീളത്തിലും
12.5 മീറ്റർ വീതിയിലും പുതിയ റോഡ് നിർമ്മിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ കാരണം നിലവിലെ ട്രാഫിക് കൂടുതൽ വഷളാകാതിരിക്കാൻ മതിൽ പൊളിക്കുന്നതുൾപ്പെടെയുള്ള സിവിൽ ജോലികൾ പൂർണ്ണമായും രാത്രികാലങ്ങളിലായിരിക്കും നടത്തുക. അവശിഷ്ടങ്ങൾ അപ്പപ്പോൾ തന്നെ ഗ്രീൻ സോണുകളിലേക്ക് മാറ്റി റോഡ് തടസ്സമില്ലാതെ സൂക്ഷിക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്.
ഇതോടൊപ്പം വൈറ്റില ജംഗ്ഷനെ ഭാവിയിൽ പൂർണ്ണമായും സിഗ്നൽ രഹിതമാക്കാനുള്ള സുപ്രധാന ചർച്ചകളും യോഗത്തിൽ നടന്നു. ഇ. ശ്രീധരൻ, പൊതുജന പ്രതിനിധിയായ റോയ്, യുണൈറ്റഡ് ഫോറം എന്നിവർ സമർപ്പിച്ച മൂന്ന് വ്യത്യസ്ത പ്ലാനുകളാണ് ഇതിനായി പരിഗണനയിലുള്ളത്. മൂന്ന് പ്ലാനുകളും ക്രോഡീകരിച്ച് വലിയ ചിലവില്ലാത്ത ഒരു പ്രായോഗിക പദ്ധതി തയ്യാറാക്കാൻ ഈ മാസം 19 (ചൊവ്വാഴ്ച) വൈകിട്ട് 4 ന് കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും. അതിനുശേഷം കളക്ടറുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വൈറ്റില പ്രദേശം സന്ദർശിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാർ, ആർ.ടി.ഓ, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


