കെ. ആർ. നാരായണനെ അറിയാം; പുതുതലമുറയ്ക്കായി സംസ്ഥാനതല പദ്ധതിക്ക് തുടക്കം

Aug 10, 2026
കെ. ആർ. നാരായണനെ അറിയാം; പുതുതലമുറയ്ക്കായി സംസ്ഥാനതല പദ്ധതിക്ക് തുടക്കം
k r narayanan foundation
തിരുവനന്തപുരം/പാലാ: മുൻ രാഷ്ട്രപതി കെ. ആർ. നാരായണന്റെ ജീവിതവും ചിന്തകളും ഭരണഘടനാ മൂല്യങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി കെ. ആർ. നാരായണൻ ഫൗണ്ടേഷൻ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന ‘കെ. ആർ. നാരായണനെ അറിയുക’ പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
സാധാരണ കുടുംബപശ്ചാത്തലത്തിൽനിന്ന് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയായ രാഷ്ട്രപതി സ്ഥാനത്തെത്തിയ കെ. ആർ. നാരായണൻ യുവതലമുറയ്ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യം, സാമൂഹികനീതി, സമത്വം, മതനിരപേക്ഷത, ഭരണഘടനാ മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ ജീവിതവും പൊതുപ്രവർത്തനവും പുതിയ തലമുറ അറിയുകയും പിന്തുടരുകയും വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കെ. ആർ. നാരായണന്റെ ജീവിതയാത്രയും രാജ്യത്തിന്റെ ജനാധിപത്യ-ഭരണഘടനാ ചരിത്രത്തിലെ അദ്ദേഹത്തിന്റെ സംഭാവനകളും വിദ്യാർഥികളിലും യുവജനങ്ങളിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾ, കോളജുകൾ, ലൈബ്രറികൾ, യുവജന-സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ പ്രഭാഷണങ്ങൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, ഉപന്യാസ-പ്രസംഗ മത്സരങ്ങൾ, ഡോക്യുമെന്ററി പ്രദർശനങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. കെ. ആർ. നാരായണന്റെ ജീവിതം, നയതന്ത്ര-രാഷ്ട്രീയ രംഗത്തെ സംഭാവനകൾ, ഭരണഘടനയോടുള്ള പ്രതിബദ്ധത, സാമൂഹികനീതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവയും പരിപാടികളിലൂടെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തും.
ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജോസ് തോമസ്, ഷാജി ആറ്റുപുറം, പ്രഫ. ടോമി ചെറിയാൻ, കുര്യാക്കോസ് മാണിവയലിൽ, സോയി തോമസ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്
കെ. ആർ. നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ‘കെ. ആർ. നാരായണനെ അറിയുക’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ തിരുവനന്തപുരത്ത് നിർവഹിക്കുന്നു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജോസ് തോമസ്, ഷാജി ആറ്റുപുറം, പ്രഫ. ടോമി ചെറിയാൻ, കുര്യാക്കോസ് മാണിവയലിൽ, സോയി തോമസ് എന്നിവർ സമീപം
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.