16 ഓഫീസുകൾ പദ്ധതിവിഹതത്തിന്റെ നൂറുശതമാനവും ചെലവഴിച്ചു: ജില്ലാവികസന സമിതിയോഗം
14 ഓഫീസുകൾ 90 ശതമാനത്തിലധികവും നാല് ഓഫീസുകൾ എൺപതു ശതമാനത്തിലധികവും പദ്ധതിത്തുക ചെലവിട്ടതായി ജില്ലാ വികസന സമിതി
കോട്ടയം: ജില്ലയിലെ 16 ഓഫീസുകൾ പദ്ധതിവിഹിതത്തിന്റെ നൂറുശതമാനവും ചെലവഴിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം. 14 ഓഫീസുകൾ 90 ശതമാനത്തിലധികവും നാല് ഓഫീസുകൾ എൺപതു ശതമാനത്തിലധികവും പദ്ധതിത്തുക ചെലവിട്ടതായി ജില്ലാ വികസന സമിതി യോഗം വിലയിരുത്തി.
മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ കോട്ടയം ഓഫീസ്, ഹൈറേഞ്ച് സർക്കിൾ കോട്ടയം സി.സി.എഫ് ഓഫീസ്, കോട്ടയം ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഓഫീസ്, കോട്ടയം ഡി.എഫ്ഒ.(ടി.എസ്.) ഓഫീസ്, കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ജലഅതോറിട്ടി കോട്ടയം പി.എച്ച്. ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസ്, ജല അതോറിട്ടി കോട്ടയം പ്രോജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസ്, ജലഅതോറിട്ടി കടുത്തുരുത്തി പി.എച്ച്. ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസ്, കോട്ടയം മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട, ലോക്കൽ വർക്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസ്, എഫ്.ഡി.പി.ടി. കോട്ടയം, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസ്, ഖാദി ആൻഡ് വില്ലേജ് പ്രോജക്ട് ഓഫീസർ, എം.വി.ഐ.പി. എക്‌സിക്യൂട്ടീവ് എൻജിനീയർ, ഡിസ്ട്രിക് മിഷൻ കോഡിനേറ്റർ കോട്ടയം എന്നീ ഓഫീസുകളാണ് പദ്ധതിവിഹിതം നൂറു ശതമാനവും അതിലേറെയും പൂർത്തീകരിച്ചിരിക്കുന്നത്. 100 ശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ 77.08 ശതമാനവും കേന്ദ്രസർക്കാർ സ്‌പോൺസേഡ് മറ്റു പദ്ധതികളിൽ 87.47 ശതമാനവുമാണ് പദ്ധതിവിഹിതം ചെലവഴിക്കുന്നതിലെ പുരോഗതി.
റോഡരികിൽ നിൽക്കുന്ന അപകടരമായ മരങ്ങൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ജീവന് ഭീഷണി ഉയർത്തുന്നതായി സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി. മരക്കമ്പുകൾ വീണ് അപകടമുണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും ഇവ വെട്ടിമാറ്റുന്നതിന് ഏകീകൃത നടപടിക്രമമുണ്ടാകണമെന്നും ചീഫ്് വിപ്പ് ആവശ്യപ്പെട്ടു. വിഴിക്കത്തോട് ഹയർ സെക്കൻഡറി സ്‌കൂളിന് ടോയ്‌ലറ്റ് കോംപ്ലക്‌സ് നിർമിക്കാൻ 24 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച നടപടികൾ വേഗത്തിലാക്കണമെന്നും ചീഫ് വിപ്പ് ആവശ്യപ്പെട്ടു.
കോട്ടയം നഗരസഭാപരിധിയിലെ ദേശീയപാതയിൽ പള്ളിപ്പുറത്തുകാവിനു സമീപം ടാറിങ് കഴിഞ്ഞയുടൻ തന്നെ പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണിക്കായി റോഡ് കുത്തിപ്പൊളിച്ച വിഷയം ജില്ലവികസനസമിതിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉന്നയിച്ചു. ടാറിങ് കഴിഞ്ഞതിനു തൊട്ടുപിന്നാലെ റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരേ കർശന നടപടിയെടുക്കണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു. പ്രദേശത്ത് ജലച്ചോർച്ച ഉള്ളതിനാലാണ് അറ്റകുറ്റപ്പണികൾ വേണ്ടിവന്നതെന്നും ചോർച്ച പൂണർമായും പരിഹരിക്കാൻ കഴിയാതെ വന്നതിനാലാണ് ടാറിങ് പൊളിക്കേണ്ടിവന്നതെന്നും റോഡ് ഉടൻ തന്നെ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജല അതോറിട്ടി അധികൃതർ യോഗത്തെ അറിയിച്ചു. റോഡ് പഴയപടിയാക്കാൻ ആവശ്യമായ എസ്റ്റിമേറ്റ് ദേശീയപാത അധികൃതർ ബുധനാഴ്ചയോടെ സമർപ്പിക്കാനും വാട്ടർ അതോറിട്ടി പണം കെട്ടിവച്ച് ദേശീയപാതയുടെ കരാറുകാരെക്കൊണ്ടു തന്നെ അറ്റകുറ്റപ്പണി നടത്താനും യോഗത്തിൽ ധാരണയായി.
ചങ്ങനാശേരി ആശുപത്രി റോഡ്, കെ.എസ്.ആർ.ടി.സി. റോഡ് എന്നിവയുടെ ടാറിങ് ഒരുമാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. യോഗത്തിൽ ആവശ്യപ്പെട്ടു. ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ അമര കുടിവെള്ളപദ്ധതി ഉടൻ പൂർത്തീകരിക്കണം. ചങ്ങനാശേരി റവന്യൂ ടവറിലെ തകരാറിലായ ലിഫ്റ്റുകൾ നന്നാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ശബരിമല സീസൺ അവസാനിച്ച സാഹചര്യത്തിൽ റോഡുകളിൽ കട്ടിങ് പെർമിഷൻ ആവശ്യമായവക്ക് വേഗത്തിൽ നൽകണമെന്നും ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു.
മണ്ഡല-മകരളവിളക്ക് കാലം കാര്യമായ പരാതികളൊന്നും ഇല്ലാതെ പൂർത്തീകരിക്കാനായതിൽ ജില്ലയിലെ എല്ലാ വകുപ്പുകളെയും അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. അഭിനന്ദിച്ചു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായിട്ടുള്ള സ്ഥലങ്ങളിൽ സൗരോർജ തൂക്കുവേലികളും കിടങ്ങുകളും നിർമിക്കുന്ന പദ്ധതി വേഗത്തിൽ പൂർത്തീകരിക്കണം. ജലജീവൻ മിഷനുമായി ബന്ധപ്പെട്ടു പൊളിച്ച റോഡുകളിൽ മകഴക്കാലത്തിനു മുമ്പ് അറ്റക്കുറ്റപ്പണികൾ നടത്തണമെന്നും റോഡ് കട്ട് ചെയ്തു പത്തുദിവസത്തിനുള്ളിൽ തന്നെ റോഡ് പുന:സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. ആവശ്യപ്പെട്ടു.
ആസൂത്രണസമിതി സെക്രട്ടേറിയറ്റ്് മന്ദിരം കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാവികസനസമിതി യോഗത്തിൽ ദേശീയ വോട്ടർ ദിനത്തിന്റെ ഭാഗമായുളള പ്രതിജ്ഞ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചൊല്ലിക്കൊടുത്തു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രതിജ്ഞ ഏറ്റുചൊല്ലി. സബ് കളക്ടർ ഡി. രഞ്ജിത്ത്, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പിയുടെ പ്രതിനിധി, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഫോട്ടോക്യാപ്ഷൻ:
ആസൂത്രണസമിതി സെക്രട്ടേറിയറ്റ്് മന്ദിരം കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാവികസനസമിതി യോഗത്തിൽ ദേശീയ വോട്ടർ ദിനത്തിന്റെ ഭാഗമായുളള പ്രതിജ്ഞ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചൊല്ലിക്കൊടുക്കുന്നു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സബ് കളക്ടർ ഡി. രഞ്ജിത്ത്, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ എന്നിവർ സമീപം.