ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്
75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപ്രതവും അടങ്ങുന്നതാണ് പുരസ്‌കാരം
കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപ്രതവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ എന്‍.എസ്. മാധവന്‍ ചെയര്‍മാനും കവിയും ഗദ്യകാരനുമായ കല്‍പ്പറ്റ നാരായണന്‍, നിരൂപക എസ്. ശാരദക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത് എന്ന് പത്മപ്രഭാ ട്രസ്റ്റ് ചെയര്‍മാന്‍ എം.വി. ശ്രേയാംസ് കുമാര്‍ അറിയിച്ചു.കേരളീയ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായുള്ള മലയാള കവിതയുടെ ബന്ധം മുറിഞ്ഞുപോവാതെ നിലനിര്‍ത്തിയ കവിയാണ് റഫീക്ക് അഹമ്മദ് എന്ന് പുരസ്‌കാര സമിതി വിലയിരുത്തി. മനുഷ്യക്രേന്ദീകൃതം മാത്രമായ ലോകവീക്ഷണത്തില്‍നിന്ന് പ്രകൃതി-മനുഷ്യ പാരസ്പര്യത്തിലൂന്നിയ പാരിസ്ഥിതിക ദര്‍ശനത്തിലേക്ക് തന്റെ രചനകളെ വിടര്‍ത്തിയെടുത്ത ഈ കവി വര്‍ത്തമാനകാലത്തെ സൂക്ഷ്മമായി വീക്ഷിക്കുകയും കവിതയില്‍ അത് അടയാളപ്പെടുത്തുകയും ചെയ്തു. കവിതയിലും സിനിമാ ഗാനങ്ങളിലും ഒരുപോലെ റഫീക്ക് അഹമ്മദ് സ്വകീയമായ ഒരു നവവസന്തം സൃഷ്ടിച്ചു - സമിതി നിരീക്ഷിച്ചു.തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ ജനിച്ച റഫീക്ക് അഹമ്മദ് ഇപ്പോഴും കാവ്യരംഗത്തും ചലച്ചിത്രഗാന രംഗത്തും സജീവമാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം, വൈലോപ്പിള്ളി പുരസ്‌കാരം, ഒളപ്പമണ്ണ പുരസ്‌കാരം, ആറു തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.