ഭൂമി തരംമാറ്റല്‍: ഇടനിലക്കാരുടെ കെണിയില്‍ വീഴരുത്, കര്‍ശന നടപടിക്ക് റവന്യൂ വകുപ്പ്
ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി; പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ
തിരുവനന്തപുരം: ഭൂമി തരംമാറ്റം ചെയ്തു കൊടുക്കും എന്ന് ബോര്‍ഡും ബാനറും വച്ച് നിയമത്തെ വെല്ലുവിളിക്കുന്ന ഇടനിലക്കാര്‍ ഇപ്പോഴും ഉണ്ടെന്നു കര്‍ശനമായ പരിശോധന നടത്തി ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി.
അതിദരിദ്രരുടെ പട്ടികയില്‍ അയ്യായിരത്തോളം പേര്‍ക്ക് ഇനിയും പട്ടയം ലഭിച്ചിട്ടില്ലെന്നും ഇതിനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കണമെന്നും മന്ത്രി റവന്യൂ ഉദ്യോഗസ്ഥരുടെ തെക്കന്‍ മേഖലാ യോഗത്തില്‍ നിര്‍ദേശിച്ചു. അതിദരിദ്രരായ മുഴുവന്‍ പേരെയും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ 2025 നവംബര്‍ ഒന്നിന് പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഈ സാഹചര്യത്തില്‍ അതി ദരിദ്രരില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും മാര്‍ച്ച് മാസത്തിനകം പട്ടയം നല്‍കണം. ഇതോടൊപ്പം ലാന്‍ഡ് ട്രിബ്യൂണലില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ കേസുകളും തീര്‍പ്പാക്കേണ്ടതുണ്ട്.
കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ പ്രവർത്തിക്കുന്ന പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസർ ഡി. വിജയകുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് സംഘം പിടികൂടിയത്.
പഴയകുന്നുമ്മേല്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ പേരില്‍ 34 സെന്റ് വസ്തു ഡാറ്റാ ബാങ്കില്‍ വയല്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കര ഭൂമിയാക്കുന്നതിന് 2024 ജനുവരി മാസം ഓണ്‍ ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിന്‍കീഴ് താലൂക്ക് ഓഫീസിലെയും നടപടികള്‍ക്ക് ശേഷം 2024 ജനുവരി മാസം തന്നെ ഫയല്‍ പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസില്‍ എത്തി. എന്നാല്‍ വില്ലേജ് ഓഫീസര്‍ കളക്ടറേറ്റിലേക്ക് റിപ്പോര്‍ട്ട് സഹിതം മടക്കി അയച്ചിരുന്നില്ല.
വിവരം അന്വേഷിച്ച് വെള്ളിയാഴ്ച വില്ലേജ് ഓഫീസില്‍ എത്തിയ പരാതിക്കാരനില്‍ നിന്നും വില്ലേജ് ഓഫീസറായ വിജയകുമാര്‍ 2,000 രൂപ കൈക്കൂലി വാങ്ങി. ശനിയാഴ്ച വീണ്ടും വില്ലേജ് ഓഫീസറെ നേരില്‍ കണ്ടപ്പോള്‍ 5,000 രൂപ കൂടി കൈക്കൂലി നല്‍കിയാലേ റിപ്പോര്‍ട്ട് കളക്ടറേറ്റിലേക്ക് അയക്കുകയുള്ളുവെന്ന് പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. ഇതോടെ പരാതിക്കാരന്‍ വിജിലന്‍സ് ദക്ഷിണ മേഖല പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.