എഡിഎം സത്യസന്ധനായ ഉദ്യോഗസ്ഥൻ; പൊതുപ്രവർത്തകർ ഇടപെടലുകളിൽ പക്വത കാണിക്കണം: മന്ത്രി കെ. രാജൻ
നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഃഖകരവുമാണ്.
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ. രാജൻ. നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഃഖകരവുമാണ്. ദൗർഭാഗ്യകരവുമായ സംഭവമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. റവന്യൂ വകുപ്പിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയും ലഭ്യമല്ല. അത് വ്യക്തിപരമായ തന്റെ ബോധ്യമാണെന്നും കെ. രാജൻ പറഞ്ഞു.
അതേസമയം, യാത്രയയപ്പ് വേളയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ അഴിമതിയാരോപണത്തിൽ പ്രതികരിച്ച കെ. രാജൻ പൊതുപ്രവർത്തകർ ഇടപെടലുകളിൽ പക്വത കാണിക്കണമെന്നും കൂട്ടിച്ചേർത്തു