എഡിഎമ്മിന്റെ ആത്മഹത്യ: വിമർശന ശരങ്ങൾ ദിവ്യയ്ക്കു നേരെ
എഡിഎം നവീൻ ബാബുവിന്റെ ഔദ്യോഗിക യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെത്തിയത് ക്ഷണിക്കപ്പെടാതെയാണ്.
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരേ ഉയരുന്നത് അതിരൂക്ഷ വിമർശനങ്ങൾ. ജനപ്രതിനിധികളെ ആരെയും വിളിക്കാത്ത യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുചെന്ന പി.പി. ദിവ്യ പരസ്യമായി നടത്തിയ ആരോപണങ്ങളിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയത്.
നവീന്റെ മരണം: കൊലപാതകത്തിന് തുല്യമായ ഞെട്ടിക്കുന്ന സംഭവമെന്ന് സതീശന്
കണ്ണൂർ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊലപാതകത്തിന് തുല്യമായ ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് സതീശന് പ്രതികരിച്ചു.
മനഃപൂര്‍വമായി വ്യക്തിവിരോധം തീര്‍ക്കാനാണ് ക്ഷണിക്കപ്പെടാത്ത യോഗത്തില്‍ വന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നവീനെ അപമാനിച്ചത്. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് സതീശൻ ആരോപിച്ചു.
സിപിഎം കുടുംബത്തില്‍പെട്ട ആളാണ് മരിച്ച നവീന്‍. സിപിഎം അനുകൂല സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ആളുമാണ്. നവീന്‍ അഴിമതിക്കാരനാണെന്ന് പ്രതിപക്ഷ സംഘടനയിലുള്ള ആളുകള്‍ക്ക് പോലും അഭിപ്രായമില്ലെന്ന് സതീശന് പറഞ്ഞു.
കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനെ നിര്‍ത്തി പൊരിച്ചു; കേസെടുക്കണമെന്ന് സുധാകരന്
കണ്ണൂർ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കൈക്കൂലി വാങ്ങാത്ത ഒരു ഉദ്യോഗസ്ഥനെയാണ് നിര്‍ത്തി പൊരിച്ചതെന്ന് സുധാകരൻ വിമർശിച്ചു.
നവീൻ കൈക്കൂലി വാങ്ങാത്ത ആളാണെന്നാണ് സഹപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പറയുന്നത്. കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടായിരുന്നെങ്കില്‍ കേസ് കൊടുക്കണമായിരുന്നു. അതിന് പകരം മാധ്യമങ്ങളുടെ അടക്കം സാന്നിധ്യത്തില്‍ അദ്ദേഹത്തെ അപമാനിച്ചു.
പി.പി. ദിവ്യയെ നരഹത്യാ കുറ്റംചുമത്തി അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രൻ
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും അതിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി സംസ്ഥാനധ്യക്ഷൻ കെ. സുരേന്ദ്രൻ. എഡിഎമ്മിനെ ഭീഷണിപ്പെടുത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.