വിഴിഞ്ഞത്ത് ശബരിമല തീർഥാടകരുടെ കാറിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
വിഴിഞ്ഞം : ശബരിമല തീർഥാടനത്തിനുശേഷം കന്യാകുമാരിയിലേക്കുപോയ തിരുനെൽവേലി സ്വദേശികളുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ലം പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ.യും കാഞ്ഞിരംകുളം വലിയവിള പ്ലാവ്നിന്ന പുത്തൻവീട്ടിൽ ശ്രീനിവാസന്റെയും ലീലയുടെയും മകൻ ശ്രീജിത്ത്(38) ആണ് മരിച്ചത്.അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാറോടിച്ചിരുന്ന തിരുനെൽവേലി സ്വദേശി അജിത്തിനെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. കാറിൽ കുട്ടിയടക്കം അഞ്ചുപേരുണ്ടായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ 4.30ഓടെ മുക്കോല-കാരോട് ബൈപ്പാസിലെ പയറുമൂട് പാലത്തിനടിയിലാണ് അപകടം.തിരുവല്ലം പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ കാഞ്ഞിരംകുളത്തുള്ള വീട്ടിലേക്കു പോകുകയായിരുന്നു ശ്രീജിത്ത്. ഭാര്യ: ശാലിനി. മക്കൾ: ആരാധ്യ, ആദി.