കൊച്ചിയിൽ സിഗ്നലിൽ ഇടിച്ച് ബസ് മറിഞ്ഞു; ബെെക്ക് യാത്രക്കാരൻ മരിച്ചു,
കൊച്ചി: മാടവനയിൽ ട്രാഫിക് സിഗ്നലിൽ ഇടിച്ച സ്വകാര്യ ബസ് ബെെക്കിന് മുകളിലേക്ക് മറിഞ്ഞ് ബെെക്ക് യാത്രക്കാരൻ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പൊലീസും നാട്ടുകാരും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.
കൊച്ചി മരടിനടുത്ത് മാടവനയിലാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. ബംഗളൂരുവിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന എൻഎൽ 01ജി 2864 നമ്പർ കല്ലട ബസാണ് അപകടത്തിൽ പെട്ടത്. ദേശീയ പാതയ്ക്ക് കുറുകെയാണ് ബസ് മറിഞ്ഞത്.
റെഡ് സിഗ്നൽ വന്നതോടെ ബസ് നിർത്താനുള്ള ശ്രമത്തിൽ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിന് കാരണം. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപം നിർത്തിയിട്ട ബെെക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ബെെക്ക് യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മറിഞ്ഞ ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ 42 പേർ ഉണ്ടായിരുന്നതായാണ് വിവരം. അഗ്നിശമന സേനയും പൊലീസും ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കിയ ശേഷമാണ് ബെെക്ക് യാത്രക്കാരനെ പുറത്തെടുത്തത്.
What's Your Reaction?