കാട്ടാനശല്യം; കർഷകൻ ജീവനൊടുക്കി
പയ്യാവൂർ ചന്ദനക്കാംപാറ ഷിമോഗ കോളനിയിലെ മഞ്ഞക്കുഴിയില്‍ എം.വി. ബാബു (54) ആണ് ജീവനൊടുക്കിയത്.
ശ്രീകണ്ഠപുരം: കാട്ടാനശല്യത്തില്‍ പൊറുതിമുട്ടിയ കര്ഷകന് വീട്ടില്‍ തൂങ്ങിമരിച്ചു. പയ്യാവൂർ ചന്ദനക്കാംപാറ ഷിമോഗ കോളനിയിലെ മഞ്ഞക്കുഴിയില്‍ എം.വി. ബാബു (54) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് കാട്ടാനശല്യമുണ്ട്. ബാബുവിന്റെ വാഴയുള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ കാട്ടാന നശിപ്പിച്ചിരുന്നു.ഇതിനെതിരെ പല തവണ പഞ്ചായത്തിലുള്‍പ്പെടെ ബാബു പരാതി നല്‍കിയിരുന്നു. എന്നിട്ടും നടപടിയുണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. പഞ്ചായത്ത് അധികൃതരുടെ നിരുത്തരവാദ സമീപനത്തില്‍ പ്രതിഷേധിച്ച് താനും അമ്മയും പഞ്ചായത്ത് ഓഫിസിനുമുന്നില്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കുമെന്ന് ബാബു പറഞ്ഞിരുന്നു.വ്യാഴാഴ്ച രാത്രി മാതാവ് ഭാര്‍ഗവി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യയും മക്കളും മറ്റൊരു വീട്ടിലായിരുന്നു. രാത്രിയാണ് ജീവനൊടുക്കിയതെന്ന് കരുതുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: പരേതനായ വേലായുധന്. ഭാര്യ: ഗീത. മക്കള്‍: ജിതിന്‍ബാബു (ഡ്രൈവര്‍), വിഷ്ണു ബാബു.