ബാണാസുര സാഗർഡാം ദുരന്തം ആവർത്തിക്കാതിരിക്കാൻ ജലവിതാനം ക്രമപ്പെടുത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി
പ്രളയ ഭീഷണി ഇല്ലാതാക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയോടും കെ.എസ്.ഇ. ബി യോടും സമിതി ഇക്കാര്യം ആവശ്യപ്പെട്ടു
കൽപ്പറ്റ: അതിവേഗം മാക്സിമം സ്റ്റോറേജിലേക്കെത്തിക്കൊണ്ടിരിക്കുന്ന ബാണാസുര സാഗറിലെ ഷട്ടറുകൾ ഉടൻ ഉയർത്തി പുഴക്ക് ഉൾക്കൊള്ളാവുന്ന തലത്തിൽ ജലംതുറന്ന് വിട്ട് റിസർവോയറിൻറെ ജലവിതാനം ക്രമപ്പെടുത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. പ്രളയ ഭീഷണി ഇല്ലാതാക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയോടും കെ.എസ്.ഇ. ബി യോടും സമിതി ഇക്കാര്യം ആവശ്യപ്പെട്ടു. 2019ലെ ഭീതിദമായ മിന്നൽ പ്രളയം സംഭവിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഡാമിൻറെ അടിഭാഗത്ത് താമസിക്കുന്ന ആയിരക്കണക്കിന് മനുഷ്യരെന്നും സമിതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.2019ലെ സമാനതകളില്ലാത്ത ദുരിതത്തിനും കോടികളുടെ കൃഷി നാശത്തിന്നും വീടുകളുടെ തകർച്ചക്കും കന്നുകാലികളുടെ നാശത്തിനും ഇടയായത് മുന്നറിയിപ്പില്ലാതെ അർദ്ധരാത്രി ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തിയതു കൊണ്ടാണ്. മാക്സിമം റിസർവ്വോയറിൽ എത്താൻ ഇനി ഒരു മീറ്റർ മാത്രമേ വേണ്ടൂ. ഒരു മേഖസ്ഫോടനമോ അതിവർഷമോ ഉണ്ടായാൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകും. ബാണാസുരസാഗറിൻ്റെ വൃഷ്ടിപ്രദേശങ്ങളുടെ ഭൂപരമായ കിടപ്പും കാലാവസ്ഥാപരമായ പ്രത്യേകതകളും കാരണം കാലവർഷക്കാലത്ത് 50 ശതമാനം ജലത്തിൽ അധികം ജലം സംഭരിച്ചു നിർത്തരുതെന്നും തുലാവർഷക്കാലത്ത് സംഭരണി മാക്സിമം ലവലിൽ നിറക്കാവുന്നതാണെന്നും ഡാം വിദഗ്ദർ സർക്കാറിനെ പല തവണ അറിയിച്ചതാന്നെങ്കിലും അവർ ചെവിക്കൊണ്ടിട്ടില്ല.