സംസ്ഥാനത്ത് ഏഴ് സെന്റര്‍ ഒഫ് എക്‌സലന്‍സുകള്‍ ആരംഭിക്കും : ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

വിദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിലെ പ്രധാന നടപടിയായി ‘സ്റ്റഡി ഇന്‍ കേരള’ പദ്ധതിയ്ക്കും സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി പറഞ്ഞു

Jul 29, 2024
സംസ്ഥാനത്ത് ഏഴ് സെന്റര്‍ ഒഫ് എക്‌സലന്‍സുകള്‍ ആരംഭിക്കും : ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴ് സെന്റര്‍ ഒഫ് എക്‌സലന്‍സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വര്‍ദ്ധനവും രാജ്യാന്തരസ്വഭാവത്തിലുള്ള അത്യാധുനിക ഗവേഷണ വികസനവുമാണ് ലക്ഷ്യം. വിദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിലെ പ്രധാന നടപടിയായി ‘സ്റ്റഡി ഇന്‍ കേരള’ പദ്ധതിയ്ക്കും സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്‌കരണത്തിന് ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മികവിന്റെ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ സ്ഥാപിക്കണമെന്നത്. അത്യാധുനിക ഗവേഷണം വികസിപ്പിക്കാനും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള അക്കാദമിക്, പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകാനും ഉതകുന്ന വിധത്തില്‍, പ്രത്യേകമായ പഠനമേഖലകളിലോ ഗവേഷണത്തിലോ പരിശീലനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും കേന്ദ്രങ്ങള്‍.ആദ്യഘട്ടമായി ഏഴ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ്, സ്വയംഭരണ സ്ഥാപനങ്ങളായി സ്ഥാപിക്കാന്‍ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയിരുന്നു. ആ സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ് ഏഴും ആരംഭിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി ലഭ്യമാക്കിയിരിക്കുകയാണ്. നിലവില്‍ ഭരണാനുമതി ലഭിച്ച സെന്ററുകളില്‍ രണ്ടെണ്ണം ശാസ്ത്രസാങ്കേതിക മേഖലയിലും രണ്ടെണ്ണം സാമൂഹ്യശാസ്ത്ര മേഖലയിലും രണ്ടെണ്ണം ഭാഷ-സാംസ്‌കാരിക മേഖലയിലും ആണ് പ്രവര്‍ത്തിക്കുക. ഒരു സെന്റര്‍ ഉന്നതവിദ്യാഭ്യാസമേഖലയിലെ അധ്യാപക-അനധ്യാപക-ഗവേഷകവിദ്യാര്‍ത്ഥി പരിശീലനങ്ങളിലും പാഠ്യപദ്ധതി രൂപകല്‍പ്പന അടക്കമുള്ളവയിലും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.

നിലവില്‍ ഭരണാനുമതി ലഭ്യമായ സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ് ഇവയാണ്: ഈ വര്‍ഷത്തേക്ക് ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 11.4 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിരിക്കുന്നത്.ഓരോ സെന്റര്‍ ഓഫ് എക്‌സലന്‍സും അതാത് മേഖലക്കുള്ളില്‍ വൈദഗ്ധ്യം, നവീകരണം, സഹകരണം എന്നിവയുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഓരോന്നിലും അതാതു മേഖലയിലെ മികച്ച ഫാക്കല്‍റ്റി അംഗങ്ങള്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, വ്യവസായ പങ്കാളികള്‍ എന്നിവരുടെ മികച്ച സാന്നിദ്ധ്യം ഉണ്ടാകും.ആദ്യ ഘട്ടത്തില്‍, ഡയറക്ടറെ കൂടാതെ പരമാവധി അഞ്ചു പേര്‍ അടങ്ങുന്ന ഒരു കോര്‍ അക്കാഡമിക് ടീം (ഫാക്കല്‍റ്റി /ഫാക്കല്‍റ്റി ഫെലോ /റിസര്‍ച്ച് ഫാക്കല്‍റ്റി എന്നിവരുള്‍പ്പെടെ) ഓരോ സെന്റര്‍ ഓഫ് എക്‌സലന്‍സിലും രൂപീകരിക്കും . പുറമെ, പോസ്റ്റ് ഡോക്ടറല്‍ /ഡോക്ടറല്‍ വിദ്യാര്‍ത്ഥികളുടെ ഓരോ ടീമും ഓരോ സെന്റര്‍ ഓഫ് എക്‌സലന്‍സിലും ഉണ്ടാവും.സംസ്ഥാന സര്‍ക്കാര്‍, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍, സര്‍വ്വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു ഗവേണിംഗ് ബോര്‍ഡ് ഓരോ സെന്റര്‍ ഓഫ് എക്‌സലന്‍സിലും രൂപികരിക്കും.സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങള്‍ക്ക് ഭാവിയില്‍ പിന്തുടരാവുന്ന രീതിയില്‍, ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എഡ്യൂക്കേഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ രീതിയിലാവും സംവിധാനം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.